കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ പേരിൽ വ്യാജ ഒ.പി ടിക്കറ്റ് നിർമ്മിച്ച് മയക്കുമരുന്നുകൾ വാങ്ങി ഉപയോഗിച്ച കേസിൽ യുവാവിന് മൂന്നു വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. വേളൂർ ഇളമ്പള്ളി പാലത്തിനു സമീപം രഹ്മത്ത് മൻസിലിൽ സലാഹുദിനെ (30)യാണ് കോട്ടയം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ജഡ്ജി എസ്.അനന്തകൃഷ്ണൻ ശിക്ഷിച്ചത്. 2015 ഏപ്രിൽ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇല്ലിക്കൽ താഴത്തങ്ങാടി മൈതാനത്തിന് സമീപം രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ബഷീർ പൊൻകുന്നം എന്ന പേരിൽ വ്യാജ ഒപി ടിക്കറ്റ് തയ്യാറാക്കി ഇയാൾ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങിയിരുന്നതായി കണ്ടെത്തിയത്. ജില്ലാ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ.ആശാ പി.നായരുടെ പേരിൽ വ്യാജ ഒപ്പിട്ട ഒ.പി ടിക്കറ്റുമായാണ് ഇയാൾ മരുന്ന് വാങ്ങിയിരുന്നതെന്നും കണ്ടെത്തി. തുടർന്ന് പ്രതിയ്‌ക്കെതിരെ ശിക്ഷ വിധിയ്ക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.റോബിൻ കെ.നീലിയറ കോടതിയിൽ ഹാജരായി.
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ പേരിൽ വ്യാജ ഒപ്പിട്ട് മയക്കുമരുന്നുകൾ വാങ്ങാൻ കുറിപ്പടി ഉണ്ടാക്കി; മയക്കുമരുന്നുകൾ ലഹരിയ്ക്കായി വാങ്ങിയ വേളൂർ സ്വദേശിയ്ക്ക് മൂന്നു വർഷം കഠിന തടവ് വിധിച്ച് കോടതി


