കോഴിക്കോട്: സംസ്ഥാനത്തിലെ ഏറ്റവും ചെലവേറിയ ബൈപാസായ കോഴിക്കോട് ദേശീയപാതയിലെ വെങ്ങളം–രാമനാട്ടുകര ബൈപാസിൽ യാത്രയ്ക്ക് ദേശീയപാത അതോറിറ്റി അനുമതി നൽകി. സ്വതന്ത്ര എൻജിനീയർ, എൻഎച്ച്എഐ പ്രോജക്റ്റ് ഓഫീസർ, തിരുവനന്തപുരം മേഖല ഓഫീസർ എന്നിവർ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് നിർമാണം പൂർത്തിയായതിനെ തുടർന്ന് ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കൺസ്ട്രക്ഷൻസ് ലിമിറ്റഡിന് ദേശീയപാത അതോറിറ്റി സർട്ടിഫിക്കറ്റ് നൽകിയത്.2021 ഓഗസ്റ്റ് 15നാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
28.4 കിലോമീറ്റർ ദൈർഘ്യമുള്ള പാത ഏകദേശം 1700 കോടി രൂപ ചെലവിൽ പൂർത്തിയായി. ഇതോടെ കിലോമീറ്ററിന് 63 കോടിയിലധികം രൂപ ചെലവായതായി കണക്കാക്കപ്പെടുന്നു .സംസ്ഥാനത്തെ ദേശീയപാത ബൈപാസുകളിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.ഫ്ലൈഓവറുകളുടെ കൂടുതലാണ് ചെലവുയരാൻ പ്രധാന കാരണം. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ് മാൾ, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് പ്രധാന ഫ്ലൈഓവറുകൾ. പാതയിലേക്കും പുറത്തേക്കും പ്രവേശിക്കാൻ ഇരുവശത്തുമായി 19 ഇടങ്ങൾ വീതം ഒരുക്കിയിട്ടുണ്ട്. ചില ഭാഗങ്ങളിൽ സർവീസ് റോഡുകൾ പൂർത്തിയായിട്ടില്ലാത്തതിനാൽ താൽക്കാലിക എൻട്രി, എക്സിറ്റ് പോയിന്റുകളും അനുവദിച്ചിട്ടുണ്ട്.സർവീസ് റോഡുകൾ പൂർത്തിയാകുന്നതോടെ ഇവ അടയ്ക്കും.പാതയിലുളള പ്രധാന പാലങ്ങൾ കോറപ്പുഴ, പുറക്കാട്ടിരി, മാമ്പുഴ, അറപ്പുഴ എന്നിവയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഴയ ബൈപാസിൽ ഉണ്ടായിരുന്ന പാലങ്ങൾക്ക് വീതി കുറവായതിനാൽ അവയുടെ വീതി കൂട്ടുന്ന പ്രവൃത്തികൾ നടക്കുകയാണ്. പുതിയ പാലങ്ങൾക്ക് 15.20 മീറ്റർ വീതിയുണ്ടാകുമ്പോൾ, പഴയ പാലങ്ങൾ 11 മീറ്റർ വീതിയിലാണ്. പുതിയ പാലനിർമാണം പൂർത്തിയാകുന്നത് മാർച്ചിൽ ആയിരിക്കുമെന്നാണ് കരുതുന്നത്.നിർമാണ കരാറിന്റെ ഭാഗമായി അടുത്ത 15 വർഷത്തേക്ക് അറ്റകുറ്റപ്പണികളും പരിപാലനവും കെഎംസി കൺസ്ട്രക്ഷൻസ് തന്നെ നടത്തും.
പാതയിലെ ടോൾ പിരിവ് രണ്ടാഴ്ചയ്ക്കകം ആരംഭിക്കും. ടോൾ നിരക്ക് ദേശീയപാത അതോറിറ്റി അംഗീകരിച്ച് വിജ്ഞാപനം ചെയ്ത ഉടൻ ഏജൻസി പിരിവ് തുടങ്ങും. ടോൾ പ്ലാസയും കൺട്രോൾ റൂമും ഇപ്പോൾ പൂർണമായി സജ്ജമായിരിക്കുകയാണ്.


