കരൂർ:കരൂരിലെ ടിവികെ പരിപാടിയിൽ ഉണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ നേരിൽ കണ്ടു നടനും ടിവികെ അധ്യക്ഷനുമായ ദളപതി വിജയ്. മഹാബലിപുരത്തെ റിസോർട്ടിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. കരൂരിൽ നിന്നുള്ള കുടുംബങ്ങൾക്ക് ചെന്നൈയിലെത്താൻ വിജയ് പ്രത്യേക ബസ് സജ്ജമാക്കിയിരുന്നു.സെപ്റ്റംബർ 27നാണ് ടിവികെ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്.
അതിൽ 37 കുടുംബങ്ങൾ വിജയിയുടെ ക്ഷണം സ്വീകരിച്ച് മഹാബലിപുരത്തെത്തിയിരുന്നു. ഓരോ കുടുംബത്തിനും റിസോർട്ടിൽ താമസ സൗകര്യം ഒരുക്കിയതോടൊപ്പം ഭക്ഷണവും ഒരുക്കിയിരുന്നു.ഇന്ന് രാവിലെയാണ് വിജയ് കുടുംബങ്ങളെ കാണാനെത്തിയത്. മാധ്യമങ്ങൾക്കും ടിവികെ പ്രവർത്തകർക്കും റിസോർട്ടിനകത്ത് പ്രവേശനമുണ്ടായിരുന്നില്ല. ടിവികെയുടെ മുതിർന്ന നേതാക്കൾ മാത്രമാണ് അകത്ത് ഉണ്ടായിരുന്നത്. ഓരോ കുടുംബത്തെയും വിജയ് പ്രത്യേകം കണ്ടു ആശ്വസിപ്പിച്ചു. ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ വിജയ് പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ കുടുംബങ്ങൾക്കും കരച്ചിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലത്രെ.കുടുംബങ്ങൾക്ക് എന്ത് സഹായത്തിനും താൻ ഒപ്പമുണ്ടാകുമെന്നും കുട്ടികളുടെ പഠനത്തിലും തൊഴിൽ അവസരങ്ങളിലും വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും വിജയ് ഉറപ്പ് നൽകി. നേരത്തെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും നൽകിയിരുന്നു.
അതേസമയം, ടിവികെയിൽ അഴിച്ചുപണി നടത്താനുള്ള നീക്കം വിജയ് ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. ജനറൽ സെക്രട്ടറി ബുസി ആനന്ദിനെ പോണ്ടിച്ചേരിയുടെ ചുമതലയിൽ മാറ്റാൻ സാധ്യതയുണ്ട്. ജില്ലാ നേതാക്കളുടെ പ്രവർത്തനക്ഷമത വിലയിരുത്തിയ ശേഷമേ പുതിയ മാറ്റങ്ങൾ നടപ്പിലാക്കൂ.ഡിഎംകെ വിജയ് വീട്ടിൽ നിന്നു പുറത്തുവരാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്ന് ആരോപിച്ചിട്ടും, കരൂർ ദുരന്തബാധിതർക്കായി എടുത്ത ഈ നീക്കം വിജയിന്റെ ‘മനുഷ്യ മുഖം’ എന്ന നിലയിൽ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടി.


