കൊടുവള്ളി :ഉപജില്ലാ സ്‌കൂൾ കലോത്സവത്തിനായി കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് സ്ഥാപിച്ചിരുന്ന ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ഫോട്ടോയോടുകൂടിയ ആശംസാ ബോർഡുകൾ നീക്കം ചെയ്തു. നഗരസഭയുടെ ഇടപെടലോടെയാണ് ബോർഡുകൾ മാറ്റിയത്.ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയും എംഎസ് സൊല്യൂഷൻസ് സിഇഒയുമായ മുഹമ്മദ് ഷുഹൈബിൻ്റെ ഫോട്ടോയോടുകൂടിയ ബോർഡുകളാണ് പ്രധാന വേദിയായ കൊടുവള്ളി ഗവ. എച്ച്.എസ്.എസിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്നത്.
കൊടുവള്ളി മാർക്കറ്റ് റോഡിൽ നിന്ന് ഹൈസ്കൂൾ കവാടം വരെ ഏകദേശം ഇരുപത്തഞ്ചോളം ബോർഡുകൾ സ്ഥാപിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.ബോർഡുകൾ സ്ഥാപിച്ചത് നഗരസഭയുടെ അനുമതിയില്ലാതെയാണെന്നും, ഇക്കാര്യത്തിൽ ഒരു അപേക്ഷയോ അനുമതിയോ ലഭിച്ചിട്ടില്ലെന്നും കൊടുവള്ളി നഗരസഭാ അധ്യക്ഷൻ അബ്‌ദു വെള്ളറ അറിയിച്ചു.പ്രധാന വേദിയുടെ പരിസരത്ത് കലോത്സവ കമ്മിറ്റി പോലും അനുമതി നൽകിയിട്ടില്ലെന്നും ഉപജില്ലാ കലോത്സവ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുജീബ് ചളിക്കോട് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് എന്നീ വിഷയങ്ങളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. ജാമ്യത്തിലാണ് ഷുഹൈബ് നിലവിൽ.


