ന്യൂയോര്‍ക്ക് :ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്റാന് മംദാനി വിജയം നേടിയതിനെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് തന്റെ സ്ഥാപനം മാറ്റാനുള്ള തീരുമാനം ശതകോടീശ്വരന്‍ ബാരി സ്റ്റെര്ണ്ലിച്ചാണ് പ്രഖ്യാപിച്ചത്. തനിക്കൊപ്പം കൂടുതല്‍ കമ്പനികളും ന്യൂയോർക്കിൽ നിന്ന് മാറിപ്പോകുമെന്നു ബാരി മുന്നറിയിപ്പ് നല്കി.സിഎൻബിസിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബാരിയുടെ വെളിപ്പെടുത്തല്‍. സംഭാഷണത്തിനിടെ ന്യൂയോർക്കിനെയും മുംബൈയെയും താരതമ്യം ചെയ്ത അദ്ദേഹത്തിന്റെ പരാമർശം വിവാദമായിട്ടുണ്ട്.“തീവ്ര ഇടതുപക്ഷക്കാർ ശരിക്കും ഭ്രാന്തന്മാരാണ്.
കുടിയേറ്റക്കാർ ഇനി വാടക നല്‍കേണ്ടതില്ലെന്ന് അവര്‍ പറയുകയാണ്. വാടക നല്കാത്തവരെ പുറത്താക്കാനാകില്ലെന്നാണ് അവര്‍ പറയുന്നത്. ഇതു വേഗം നഗരമൊട്ടാകെ വ്യാപിക്കും. ഒരാള്‍ പണം നല്‍കാത്തതായി കണ്ടാല്‍ മറ്റു പലരും വാടക നല്‍കുന്നത് നിര്‍ത്തും. ഒടുവിൽ ന്യൂയോർക്ക്സിറ്റി മറ്റൊരു മുംബൈയായിത്തീരും,” ബാരി പറഞ്ഞു.ഇത്തരം നിലപാടുകള്‍ നഗരത്തിന്റെ സാമ്പത്തിക ഘടനയ്ക്കും വാടക വിപണിക്കും വലിയ തിരിച്ചടിയാകുമെന്ന് ബാരി സ്റ്റെര്‍ണ്‍ലിച്ച് കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മയര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുമെന്ന് മംദാനി പ്രഖ്യാപിച്ചിരുന്നു. ലോകം മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കിയ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സൊഹ്റാന് മംദാനി ഉജ്ജ്വല വിജയം കരസ്ഥമാക്കി. 10 ശതമാനത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം ന്യൂയോർക്കിന്റെ ആദ്യത്തെ മുസ്ലിം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടൻ അക്കാദമീഷ്യനായ മഹ്മൂദ് മംദാനിയുടെയും, ഓസ്കര് നാമനിര്ദേശിതയായ ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാന് മംദാനി. സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയാണ് മീര നായർ.
ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് മംദാനി ജനിച്ചതും ബാല്യം ചെലവഴിച്ചതും.മംദാനിയുടെ തെരഞ്ഞെടുപ്പ് വിജയം അമേരിക്കൻ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. “ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഘട്ട വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പിന്റെ ഫലം,” എന്നായിരുന്നു ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ബരാക് ഒബാമയുടെ പ്രതികരണം.


