കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടക്കുന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. എങ്കിലും, എസ്ഐആർ സംബന്ധിച്ച ഹർജികൾ ഇതിനകം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നതിനാൽ പരമോന്നത കോടതിയെ സമീപിക്കാതിരുന്നതെന്തുകൊണ്ടാണെന്നു ഹൈക്കോടതി സംസ്ഥാനത്തോട് വാക്കാൽ ചോദിച്ചു.സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായി എതിർത്തു. എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് പരിഷ്കരണ നടപടികളെ പരോക്ഷമായി തടസപ്പെടുത്താനുള്ള ശ്രമമാണെന്ന് കമ്മിഷൻ കോടതിയിൽ വാദിച്ചു. ഇതിനിടെ, ഹർജിയിൽ നാളെ വിധി പ്രഖ്യാപിക്കാമെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ അറിയിച്ചു.
ഹൈക്കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ചത് തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒരേസമയം പുരോഗമിക്കുന്നതിനാലാണ്. മേയ് മാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് എന്നതിനാൽ അതിന് മുമ്പ് എസ്ഐആറിൽ അടിയന്തിരത വേണ്ടതില്ലെന്നും സർക്കാർ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഈ നടപടികൾ തുടരുന്നത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട അഭ്യർത്ഥന ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നേരത്തെ കത്തയച്ചിരുന്നുവെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, എസ്ഐആറിന്റെ പകുതിയിലധികം നടപടികൾ ഇതിനകം പൂർത്തിയായതാണെന്നും ഇപ്പോൾ നടപടികൾ തടയുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിൽ നടപടികൾ നടപ്പിലാക്കണമെന്ന് നേരത്തേ നിർദേശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥ ക്ഷാമം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ യാതൊരു റിപ്പോർട്ടും നൽകിയിട്ടില്ലെന്നും കമ്മിഷൻ വാദിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിൽ പുറപ്പെടുവിക്കേണ്ടതായതിനാൽ എത്രയും വേഗം എസ്ഐആർ പൂർത്തിയാക്കേണ്ടതുണ്ടെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ലേ എന്ന് ചോദിച്ചത്.


