കോട്ടയം നഗരസഭയുടെ കടത്തുവള്ളം കൃത്യസമയത്ത് എത്തിയില്ല; ഹൃദയാഘാതത്തെ തുടർന്ന് കൊടൂരാറിന്റെ മറുകരയിൽ കുടുങ്ങിയ മീൻ പിടുത്തക്കാരന് ദാരുണാന്ത്യം; മരിച്ചത് പാത്താമുട്ടം സ്വദേശിയായ മീൻപിടുത്തക്കാരൻ

കോട്ടയം: നഗരസഭയുടെ കടത്തുവള്ളം കൃത്യസമയത്ത് എത്താതിരുന്നതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായി ഒരു മണിക്കൂറോളം കൊടൂരാറിന്റെ മറുകരയിൽ കുടുങ്ങിയ മീൻപിടുത്തക്കാരന് ദാരുണാന്ത്യം. പാത്താമുട്ടം വെട്ടിക്കാട്ട്ചിറയിൽ വി.കെ സനലാണ് (53) മരിച്ചത്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടത്തുവള്ളം ഏറ്റെടുത്തിരുന്ന കരാറുകാരൻ കൃത്യസമയത്ത് വരാതിരുന്നതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Advertisements

നവംബർ 17 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കും നാലു മണിയ്ക്കും ഇടയിലുള്ള സമയത്തായിരുന്നു സംഭവങ്ങൾ. കോട്ടയം പാത്താമുട്ടം സ്വദേശിയായ സനൽ എല്ലാ ദിവസവും കോട്ടയം നഗരസഭയിലെ 34 ആം വാർഡ് കണ്ണാടിക്കടവ് ഭാഗത്താണ് മീൻ പിടുത്തത്തിന് എത്തുന്നത്. പുലർച്ചെ അഞ്ചര ആറുമണിയോടടുത്ത സമയത്ത് ഇവിടെ എത്തി മീൻ പിടിക്കുന്ന സനൽ , രണ്ടര മൂന്നുമണിയോടെയാണ് തിരികെ പോകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സനലിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് സനൽ കണ്ണാടിക്കടവ് കടത്തിന്റെ മറുകരയെത്തി വെള്ളത്തിന് വേണ്ടി വിളിച്ചു. എന്നാൽ, വള്ളം എത്തിയില്ല. മൂന്നു മണിവരെ നോക്കിയ ശേഷവും വള്ളം കിട്ടാതെ വന്നതോടെ പ്രദേശവാസികളായ ചിലർ വിവരം അറിയുകയും, തുടർന്ന് സനലിനെ പുറത്ത് എത്തിക്കുകയുമായിരുന്നു. തുടർന്ന് നാട്ടകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മാസം 28000 രൂപ നിരക്കിലാണ് കോട്ടയം നഗരസഭയിൽ നിന്നും കണ്ണാടിക്കടവിലെ കടത്ത് വള്ളം കരാർ എടുത്തിരിക്കുന്നത്. ഈ കരാർ എടുത്ത കടത്ത് വള്ളം പ്രവർത്തിപ്പിക്കുന്നതിൽ കരാറുകാരൻ ഗുരുതരമായ വീഴ്ചയാണ് പലപ്പോഴും വരുത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കടത്തുകാരന്റെ വീഴ്ച മൂലം ഒരാളുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്.

Hot Topics

Related Articles