കോട്ടയം: യുവത്വത്തിന്റെ കരുത്തിൽ വികസനത്തിന്റെ കൊടിക്കൂറ കുമരകത്ത് പാറിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.കെ വൈശാഖ് എത്തുന്നു. കുറിച്ചിയിലെ സിപിഎം കോട്ട പൊളിച്ച് കഴിഞ്ഞ അഞ്ചു വർഷം ഡിവിഷനിൽ വികസനത്തിന്റെ വെന്നിക്കൊടി പാറിച്ച കരുത്തുമായാണ് പി.കെ വൈശാഖ് ഇക്കുറി കുമരത്തിന്റെ മണ്ണിൽ കാലുകുത്തുന്നത്. യുഡിഎഫിന്റെ ബാക്കിയുണ്ടായിരുന്ന മൂന്നു സീറ്റുകളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കുമരകത്ത് പി.കെ വൈശാഖ് സീറ്റുറപ്പിച്ചത്. വൈക്കത്ത് കെ.ബിനിമോളും, വെള്ളൂരിൽ വിജയമ്മ ബാബുവും യുഡിഎഫ് സ്ഥാനാർത്ഥികളാകും.
കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് കുറിച്ചി ഡിവിഷനിൽ നടപ്പാക്കിയ കോടികളുടെ വികസന പദ്ധതികളുമായാണ് പി.കെ വൈശാഖ് കുമരകത്തേയ്ക്ക് എത്തുന്നത്. കഴിഞ്ഞ തവണ സിപിഎമ്മിന്റെ കോട്ടയത്തെ തലമുതിർന്ന നേതാവ് കെ.എം രാധാകൃഷ്ണനെയാണ് വൈശാഖ് കുറിച്ചിയിൽ തറപറ്റിച്ചത്. ജില്ലയിലെ മറ്റെല്ലാ ഡിവിഷനുകളിലും മികച്ച വിജയം നേടി സിപിഎമ്മും ഇടതു മുന്നണിയിലും ഭരണം പിടിച്ച ഇടത് കൊടുങ്കാറ്റിനിടെയാണ് കുറിച്ചി പോലെ ഒരു സിപിഎം കോട്ട വൈശാഖ് പിടിച്ചെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കുറി കുമരകത്ത് ഡിവൈഎഫ്ഐ നേതാവ് അഗ്രിസ് സദാശിവനാണ് പി.കെ വൈശാഖിന്റെ എതിരാളി. കുമരകത്ത് വിപുലമായ ബന്ധങ്ങളാണ് വൈശാഖിനുള്ളത്. ഈ സാഹചര്യത്തിൽ കുമരകം ഡിവിഷനിൽ യുവാക്കൾ തമ്മിലുള്ള പോരാട്ടമാകും നടക്കുക എന്ന് ഇതോടെ ഉറപ്പായി. കെ.എസ്.യുവിലൂടെയാണ് പി.കെ വൈശാഖ് പൊതുപ്രവർത്തന രാഷ്ട്രീയ രംഗത്ത് എത്തിയത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായിരിക്കെയാണ് അഞ്ചു വർഷം മുൻപ് കുറിച്ചിയിൽ രാഷ്ട്രീയ പോരിനിറങ്ങിയത്. ഈ രാഷ്ട്രീയ പോരാട്ടം വിജയം കണ്ടതോടെ ജില്ലയിലെമ്പാടും വൈശാഖ് ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷം വൻ വികസന പ്രവർത്തനങ്ങളാണ് വൈശാഖ് കുറിച്ചി ഡിവിഷനിൽ എത്തിച്ചത്. നിലവിൽ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റാണ് വൈശാഖ്.
കുമരകത്ത് യുവാക്കൾ തമ്മിലുള്ള പോരാണ് ഇക്കുറി ആർഷണം. കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങളും വികസന നേട്ടങ്ങളുമാണ് വൈശാഖിന് മണ്ഡലത്തിൽ മുൻതൂക്കം നൽകുന്നത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് കുമരകം എന്നത് അഗ്രിസ് സദാശിവന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷം സിപിഎം കോട്ട തകർത്ത് കുറിച്ചി മണ്ഡലത്തിലെ സിപിഎം എൽ.ഡി.എഫ് പ്രവർത്തകരുടെ മനസ് പോലും കീഴടക്കിയ വികസന നേട്ടങ്ങൾ തനിക്ക് വിജയം സമ്മാനിക്കുമെന്നാണ് പി.കെ വൈശാഖിന്റെ ആത്മവിശ്വാസം. ഏതായാലും യുവത്വവും അനുഭവസമ്പത്തും വികസനവും പോരടിക്കുന്ന കുമരകത്ത് വീറുറ്റ പോരാട്ടം ഇക്കുറി കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


