ന്യൂസ് ഡെസ്ക്: ഒരിക്കൽ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ‘സമ്മർ ഇൻ ബത്‌ലഹേം’ വീണ്ടും തിയേറ്ററുകളിലേക്ക്. 27 വർഷത്തിന് ശേഷം ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. കാലത്തിന്റെ മഞ്ഞിൽ മങ്ങിയ ആ ഓർമ്മകൾ വീണ്ടും ജീവിപ്പിക്കാൻ, ചിത്രം 4കെ നിലവാരത്തിലും പുതുക്കിയ ശബ്ദ സംവിധാനത്തോടുമായി ഡിസംബർ 12ന് റിലീസ് ചെയ്യും.സിബി മലയിൽ സംവിധാനം ചെയ്ത് രഞ്ജിത്ത് രചന നിർവഹിച്ച ഈ ചിത്രം സിയാദ് കോക്കർ ആണ് നിർമ്മിച്ചത്. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. അതിഥി വേഷത്തിൽ മോഹൻലാൽ എത്തിയിരുന്നു.
ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ഈ ചിത്രം ഏറ്റവും പുതിയ സാങ്കേതികതയിൽ റീമാസ്റ്റർ ചെയ്യുന്നത്. കോക്കേഴ്സ് ഫിലിംസിനൊപ്പം അഞ്ജന ടാക്കീസും എവരിഡേ ഫിലിംസും വിതരണം നടത്തുന്നു. ദേവദൂതൻ, ഛോട്ട മുംബൈ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ഹൈ സ്റ്റുഡിയോസിൻ്റെ മറ്റൊരു റീ-റിലീസ് പ്രോജക്റ്റ് കൂടിയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തെ എഡിറ്റ് ചെയ്തത് എൽ. ഭൂമിനാഥൻ ആണ്. ഗിരീഷ് പുത്തഞ്ചേരി വരികൾക്ക് വിദ്യാസാഗർ സംഗീതം പകർന്നു. കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, സുജാത, എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.മലയാള സിനിമയുടെ എവർഗ്രീൻ ക്ലാസിക്കായി തുടർന്ന ‘സമ്മർ ഇൻ ബത്‌ലഹേം’, അതിന്റെ സംഗീതം, ദൃശ്യഭംഗി, കഥാപാത്രങ്ങളുടെ ആത്മബന്ധം എന്നിവയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്ന ചിത്രമാണ്. പുതിയ തലമുറയ്ക്ക് ആ മായാജാലം നേരിൽ അനുഭവിക്കാനുള്ള അവസരമായിരിക്കും ഈ റീ-റിലീസ്.


