കൊച്ചി:കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണമായ എസ്.ഐ.ആർ പ്രവർത്തനങ്ങൾ തൽക്കാലം തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ 99 ശതമാനം വോട്ടർമാർക്കും ഇതിനകം എസ്.ഐ.ആർ ഫോമുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.ഡിസംബർ ഒന്നിനകം തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല ബഗച്ചി എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും അന്നേ ദിവസം തന്നെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹർജികൾ ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഡിസംബർ ഒൻപത്, 11 തീയതികളിലാണ് നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ വിഷയം വേഗം പരിഹരിക്കണമെന്ന് സിപിഎമ്മിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്ഐആർ പ്രവർത്തനങ്ങളെ പ്രതിപക്ഷ പാർട്ടികൾ നേരിട്ട് എതിർക്കുന്നില്ലെങ്കിലും, തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഈ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അഭ്യർത്ഥന.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടനുസരിച്ച്, എസ്.ഐ.ആർ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായതുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് അത് യാതൊരു വിധത്തിലുള്ള പ്രതികൂല സ്വാധീനവും ഉണ്ടാക്കില്ല. കൂടാതെ, ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് കുറച്ച് ബൂത്ത് ലെവൽ ഓഫീസർമാരെ (BLO) മാത്രമേ ആവശ്യമുള്ളൂ എന്നും കമ്മീഷൻ സുപ്രീംകോടതിയെ ധരിപ്പിച്ചു.മുൻപ് എസ്ഐആർ നടപടി താൽക്കാലികമായി നിർത്തിവെയ്ക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച കേരള ഹൈക്കോടതി, സംസ്ഥാനത്തോട് സുപ്രീംകോടതിയെ സമീപിക്കാൻ നിർദേശിച്ചിരിക്കുകയായിരുന്നു.


