കോട്ടയം: എം.സി റോഡില്‍ കോടിമത നാലുവരിപ്പാതയില്‍ നിയന്ത്രണം നഷ്ടമായ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും, ബൈക്കിലും ഇടിച്ച് അപകടം. ലോറി ഇടിച്ച കാര്‍ റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തിരുവാര്‍പ്പ് , കുമരകം സ്വദേശികളായ അനൂപ് (46) , റെനി (33), രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.


















ഇന്ന് ഡിസംബര്‍ നാല് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കോടിമത നാലുവരിപ്പാതയില്‍ വിന്‍സര്‍ കാസില്‍ ഹോട്ടലിന് എതിര്‍വശത്താണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്ത് നിന്നും ചിങ്ങവനം ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി. നിയന്ത്രണം നഷ്ടമായ ലോറി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ആദ്യം ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ കാര്‍ മുന്നോട്ട് നിരങ്ങി നീങ്ങിയ ശേഷം ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലും പിന്നീട് തട്ടുകടയിലേയ്ക്കും ഇടിച്ചു കയറുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൈക്കില്‍ ഇരുന്ന് സംസാരിക്കുകയായിരുന്ന മൂന്നു പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. രണ്ട് ബൈക്കുകളിലായി ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ എത്തിയതായിരുന്നു ഇവര്‍. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗത തടസം ഉണ്ടായി.


