കൊല്ലം:അയൽവാസിയായ പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 67 വർഷം ആറുമാസം കഠിനതടവും 4,10,500 രൂപ പിഴയും വിധിച്ച് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി. അഞ്ചാലുംമൂട് ജയന്തി കോളനിയിൽ താമസിക്കുന്ന നുജുമുദ്ദീൻ മകൻ രാജ (42) നെയാണ് ജഡ്ജി സമീർ എ ശിക്ഷിച്ചത്.ഇന്ത്യൻ ശിക്ഷാനിയമത്തിൻ്റെ വിവിധ വകുപ്പുകളിലും പോക്സോ നിയമത്തിലെ വകുപ്പുകളിലുമായാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 17 മാസം 17 ദിവസം അധിക തടവുകൂടി അനുഭവിക്കണം. പിഴ ഈടാക്കിയാൽ മുഴുവൻ തുകയും അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
വീട്ടിൽ ഒരാൾ പോലും ഇല്ലാത്ത സമയത്ത് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പല തവണയും ബലാത്സംഗം ചെയ്തതാണ് കേസ്. അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിന് വിക്ടിം കോംപൻസേഷൻ സ്കീമിൽ ഉൾപ്പെടുത്തി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. അഞ്ചാലുംമൂട് എസ്.എച്ച്.ഒ അനിൽകുമാർ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അടിസ്ഥാനമാക്കി ജി. ബിനു ആണ് കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വശത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. എ.എസ്.ഐമാരായ സലീന മഞ്ജു, പ്രസന്ന ഗോപൻ, ഷീബ കെ.ജെ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ കൈകാര്യം ചെയ്തു.


