ന്യൂഡൽഹി: കോൺഗ്രസ് ലോക്സഭാ എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്ന് ശശി തരൂർ. തുടർച്ചയായി മൂന്നാം തവണയാണ് തരൂർ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായുള്ള വിയോജിപ്പിനിടെയാണ് ശശി തരൂർ വീണ്ടും കോൺഗ്രസ് യോഗത്തിൽ എത്താതിരിക്കുന്നത്.ഡിസംബർ 19 ന് പാർലമെന്റിന്റെ് ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി രാഹുൽ ഗാന്ധിയാണ് യോഗം വിളിച്ചത്.
കോൺഗ്രസിൻ്റെ 99 എംപിമാരെ യോഗത്തിന് ക്ഷണിച്ചിരുന്നു.അതേസമയം താൻ സ്ഥലത്തില്ലെന്നും യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് തരൂർ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. വ്യാഴാഴ്ച തലേദിവസം രാത്രി പ്രഭാ ഖൈതാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം കൊൽക്കത്തയിലായിരുന്നു, ഇതിനാലാണ് ഡൽഹിയിലെത്താൻ സാധിക്കാഞ്ഞതെന്നാണ് വിശദീകരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ നവംബർ 18, 30 തീയതികളിൽ നടന്ന യോഗത്തിലും തരൂർ പങ്കെടുത്തില്ല. സോണിയാ ഗാന്ധി, മല്ലികാർജുർ ഖാർഗെ എന്നിവർ പങ്കെടുത്ത യോഗത്തിൽ നിന്നുമാണ് തരൂർ വിട്ടുനിന്നത്. നവംബർ 30-ന് നടന്ന യോഗത്തിൽ പങ്കെടുക്കാതിരുന്നത് മനഃപൂർവ്വമല്ലെന്നും കേരളത്തിലേക്കുള്ള യാത്രയിലായതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നാണ് തരൂർ അന്ന് നൽകിയ വിശദീകരണം. നവംബർ 18-ന് നടന്ന യോഗത്തിൽ അസുഖം കാരണമാണ് വിട്ടുനിന്നതെന്നാണ് അറിയിച്ചിരുന്നത്.


