വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം;ചികിത്സ കിട്ടാതെ റോഡരികിൽ കിടന്ന റാം നാരായണന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട്:കേരള മനസാക്ഷിയെ നടുക്കിയ ആള്‍ക്കൂട്ട ആക്രമണ സംഭവത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്ത്. പാലക്കാട് ജില്ലയിലെ വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാർ ക്രൂരമായി മർദിച്ച ഛത്തീസ്ഗഢ് സ്വദേശി റാം നാരായണന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പോസ്റ്റുമോർട്ടം പരിശോധനയിൽ റാം നാരായണന്റെ ശരീരത്തിൽ തല മുതൽ കാലുവരെ 40ലധികം മുറിവുകളുണ്ടെന്ന് കണ്ടെത്തി. പുറം മുഴുവൻ വടികൊണ്ട് അടിച്ച പൊളിച്ചതിന്റെ അടയാളങ്ങളുണ്ട്. ശരീരത്തിൽ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും പാടുകൾ വ്യക്തമാണ്. തലയിൽ ഗുരുതരമായ രക്തസ്രാവം ഉണ്ടായതായി പോസ്റ്റുമോർട്ടത്തിന് മുമ്പ് എടുത്ത എക്‌സ്-റേ ഫലവും വ്യക്തമാക്കുന്നു.

Advertisements

മണിക്കൂറുകൾ നീണ്ട ക്രൂരമായ ആക്രമണത്തിനൊടുവിലാണ് മരണം സംഭവിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയതായിരുന്നു റാം നാരായണൻ. വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തിയ ഇയാളെ മോഷണശ്രമം ആരോപിച്ച് നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് ചിലർ ചേർന്ന് ചോദ്യം ചെയ്യുന്നതിനിടെ ഇയാളെ ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ റാം നാരായണൻ ഏകദേശം നാല് മണിക്കൂറോളം റോഡരികിൽ ചികിത്സ ലഭിക്കാതെ കിടന്നതായാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുറം മുഴുവൻ വടികൊണ്ടടിച്ച പാടുകളും കഴുത്തിലും കൈയിലും ഇടുപ്പിലും പരിക്കുകളും ഉണ്ടായിരുന്നു. പിന്നീട് പോലീസ് എത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരമാസകലം വടികൊണ്ടുള്ള അടിയേറ്റ പാടുകളും ആന്തരിക മുറിവുകളും ഉണ്ടായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.റാം നാരായണന്റെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ നമ്പറുകൾ വഴിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. വാളയാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.ഛത്തീസ്ഗഢിലുള്ള ബന്ധുക്കളെ സംഭവവിവരം അറിയിച്ചതായും, റാം നാരായണൻ പാലക്കാട് എത്തിയത് ജോലി തേടിയാണെന്ന് കുടുംബം വ്യക്തമാക്കിയതായും പോലീസ് അറിയിച്ചു.

Hot Topics

Related Articles