എസ്‌ഐആറിൽ അർഹരാരും പുറത്താകരുത്;പിണറായിയുമായുള്ള അടുപ്പം രാഷ്ട്രീയമല്ല;അദ്ദേഹത്തോടുള്ള അടുപ്പം ന്യൂനപക്ഷാവകാശ സംരക്ഷണത്തിനെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ

തിരുവനന്തപുരം:സമസ്തയും മുസ്ലിം ലീഗും തമ്മിൽ നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടിയാണെന്നും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ.എസ്‌ഐആർ പട്ടികയിൽ നിന്ന് അർഹരായ ഒരാൾ പോലും പുറത്താകരുതെന്നും അങ്ങനെ സംഭവിച്ചാൽ നാടിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രേഖകൾ ഉണ്ടായിട്ടും വോട്ട് തള്ളപ്പെടുന്ന സാഹചര്യം ആശങ്കയുണ്ടാക്കുമെന്നും കേരളത്തിൽ അത്തരമൊരു അവസ്ഥ ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, നിലവിൽ ഇരുവർക്കും ഇടയിൽ ഒരു വിധത്തിലുള്ള പിണക്കവുമില്ലെന്നായിരുന്നു മറുപടി.

Advertisements

സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശതാബ്ദി സന്ദേശ യാത്രയിൽ അബ്ബാസ് അലി തങ്ങൾ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും അത് പിണക്കത്തിന്റെ ഭാഗമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സാദിഖ് അലിയാണ് സമസ്തയുടെ ചെയർമാൻ എന്നും ലീഗിനകത്ത് തനിക്കെതിരെ അഭിപ്രായവ്യത്യാസമുണ്ടെന്ന വിവരം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും പങ്കെടുക്കാതിരുന്നതൊന്നും അസൗകര്യം കൊണ്ടാണെന്നും പിണക്കം കൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തദ്ദേശ തിരഞ്ഞെടുപ്പ് വിധിയെക്കുറിച്ച് ചോദിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും സമസ്തക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയോടൊപ്പം നടത്തിയ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന്, അതിന്റെ ലാഭവും നഷ്ടവും അതത് വ്യക്തികൾ തന്നെ അനുഭവിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. വെള്ളാപ്പള്ളിയോട് യാത്ര ചെയ്യരുതെന്നും മുഖ്യമന്ത്രിയോട് കൂടെ കൂട്ടരുതെന്നും പറയാൻ കഴിയില്ലെന്നും, ആരെ കൂടെ കൂട്ടി നടക്കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്ത് അടക്കമുള്ള സംഘടനകളോട് ആശയപരമായ എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കിയ ജിഫ്രി മുത്തുക്കോയ തങ്ങൾ, അവർ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിലോ മറ്റാരുമായെങ്കിലും ചേർന്ന് പ്രവർത്തിക്കുന്നതിലോ എതിർപ്പില്ലെന്നും പറഞ്ഞു.

ഇത് ഒരു ജനാധിപത്യ രാജ്യമാണെന്നും അഭിപ്രായം പറഞ്ഞാൽ അപഹാസ്യനാകുന്ന അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു. ജമാഅത്തുമായി സമസ്ത കൂട്ടുകൂടുമോയെന്ന ചോദ്യം നേരിട്ട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പം സൂക്ഷിക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

Hot Topics

Related Articles