കൊച്ചി:തന്റെ പ്രിയപ്പെട്ട വിജയനെ അവസാനമായി കാണാൻ ദാസൻ എത്തി. മലയാള സിനിമയുടെ എക്കാലത്തെയും ആത്മബന്ധങ്ങളിൽ ഒന്നായ മോഹൻലാൽ–ശ്രീനിവാസൻ സൗഹൃദം കണ്ണീരോടെ അവസാന അദ്ധ്യായത്തിലേക്ക് കടന്നപ്പോൾ, എറണാകുളം ടൗൺ ഹാളിൽ നിറകണ്ണുകളോടെ മോഹൻലാൽ എത്തി.ശ്രീനിവാസന്റെ ഭൗതിക ശരീരത്തിന് പൊതുദർശനം നടത്തിയ ടൗൺ ഹാളിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും സംവിധായകൻ സത്യൻ അന്തിക്കാടും സന്നിഹിതരായിരുന്നു. ശ്രീനിവാസന്റെ മക്കളായ വിനീതിനെയും ധ്യാനിനെയും മോഹൻലാൽ ആശ്വസിപ്പിച്ചു.
ഏറെ നേരം ശ്രീനിവാസന്റെ ഓർമകൾക്ക് മുന്നിൽ ഏകനായി നിൽക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ ഹൃദയസ്പർശിയായി.ശ്രീനിവാസനുമായുള്ള ബന്ധം സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചവരെന്ന പരിധിയെക്കാൾ എത്രയോ മുകളിലായിരുന്നുവെന്നും, അദ്ദേഹവുമായുള്ള ആത്മബന്ധം വാക്കുകളിൽ ഒതുക്കാനാവില്ലെന്നും മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.ശ്രീനിവാസനെ ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആരോഗ്യനില വഷളായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലെ വസതിയിൽ പൊതുദർശനത്തിനായി വെച്ചശേഷം, ഉച്ചയ്ക്ക് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിലേക്ക് കൊണ്ടുവന്നു. നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.


