കോട്ടയം: നഗരസഭയിൽ ചെയർമാൻ സ്ഥാനം വീതം വയ്ക്കാൻ കോൺഗ്രസിൽ ധാരണ. മുൻ നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ, അഡ്വ.ടോം കോര അഞ്ചേരിൽ, ടി.സി റോയി എന്നിവരെ ചെയർമാൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിനാണ് ധാരണയായിരിക്കുന്നത്. ഇവരിൽ ആര് ആദ്യം ചെയർമാൻ ആകണമെന്ന കാര്യത്തിൽ 26 ന് മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസും, മുതിർന്ന കോൺഗ്രസ് നേതാക്കളായ കുര്യൻ ജോയിയും, കെ.സി ജോസഫും അടങ്ങുന്ന കമ്മിറ്റിയാണ് വിഷയം ചർച്ച ചെയ്യുന്നത്. നിലവിൽ 31 അംഗങ്ങളുമായി വ്യക്തമായ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയിരിക്കുന്നത്. ഇവിടെ യുഡിഎഫിന് മേൽക്കൈ നേടാനും അടുത്ത അഞ്ചു വർഷം മികച്ച ഭരണം കാഴ്ച വെയ്ക്കാനും സാധിക്കുന്ന ഭരണ സമിതിയെയാണ് പരിഗണിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിചയ സമ്പന്നനാണ് മുൻപ് ചെയർമാനായിരുന്നിട്ടുണ്ട് എന്നതാണ് എം.പി സന്തോഷ് കുമാറിനെ ചെയർമാൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിന്റെ പ്രധാന കാരണം. യുവാവാണ്, ശക്തമായ പോരാട്ടത്തിലൂടെ രണ്ട് തവണ നഗരസഭയിൽ മിന്നും വിജയം നേടിയിട്ടുണ്ട് എന്നതും മികച്ച വികസന കാഴ്ചപ്പാടുണ്ട് എന്നതും അഡ്വ.ടോം കോര അഞ്ചേരിയുടെ സാധ്യതകൾ വർധിപ്പിക്കുന്നു. മുൻ കുമാരനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായ സീനിയർ നേതാവ് ടി.സി റോയിയെയും ചെയർമാൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. അഞ്ചു വർഷ കാലാവധി വീതം വയ്ക്കണമെന്ന തത്വത്തിൽ യുഡിഎഫിലും കോൺഗ്രസിനും ധാരണയായിട്ടുമുണ്ട്. 27 നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുക. 26 നുള്ളീൽ തീരുമാനം ഉണ്ടായേക്കുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ജാഗ്രത ന്യൂസ് ലൈവിനോടു പറഞ്ഞു.


