ഹെൽത്ത് ഡെസ്ക്:കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു സാധാരണ പ്രശ്നമായി തോന്നാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുക, അമിതമായ മൊബൈൽ ഫോൺ ഉപയോഗം, മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം ഡാർക്ക് സർക്കിള്‍സിന് കാരണമാകാറുണ്ട്. എന്നാൽ ഇതിനെ വെറും സൗന്ദര്യ പ്രശ്നമായി മാത്രമല്ല, ചില ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയായും കാണേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഡോക്ടർമാരുടെ അഭിപ്രായത്തിൽ, കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിള്‍സ് വിളർച്ചയുടെ (Anemia) ഒരു പ്രധാന ലക്ഷണമാകാം. ശരീരത്തിൽ ഇരുമ്ബിന്റെ അളവ് കുറയുമ്പോൾ, ചുവന്ന രക്താണുക്കൾക്ക് ഓക്സിജൻ വഹിക്കാൻ ആവശ്യമായ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നു. ഇതാണ് വിളർച്ചയിലേക്ക് നയിക്കുന്നത്.
വിളർച്ച അമിത ക്ഷീണം മാത്രമല്ല, ഹൃദയസംബന്ധമായ പ്രശ്നങ്ങളും ശ്വാസതടസ്സവും വരെ ഉണ്ടാക്കാൻ ഇടയാക്കും.ലോകമെമ്പാടുമായി ഏകദേശം 25 ശതമാനം ആളുകളും വിളർച്ച അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ അവസ്ഥ അവരുടെ ദൈനംദിന ജീവിതത്തെയും ആരോഗ്യത്തെയും പലവിധത്തിൽ ബാധിക്കുന്നു.കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിള്‍സ്, ഇടയ്ക്കിടെ ഉണ്ടാകുന്ന മുടി കൊഴിച്ചിൽ, എളുപ്പത്തിൽ പൊട്ടുന്ന നഖങ്ങൾ എന്നിവ രാത്രി വൈകിയുള്ള ഉറക്കക്കുറവിന്റെ ലക്ഷണങ്ങളായി മാത്രമല്ല, ശരീരത്തിലെ ഇരുമ്ബിന്റെ കുറവിന്റെ സൂചനകളായും കാണാം. ഇരുമ്ബിന്റെ അളവ് കുറയുമ്പോൾ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം ഇരുണ്ടതായി കാണപ്പെടുകയും മുടിയുടെയും നഖത്തിന്റെയും ആരോഗ്യം ബാധിക്കപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിളർച്ചയുടെ മറ്റ് പ്രധാന ലക്ഷണങ്ങൾ:
കടുത്ത ക്ഷീണം
നെഞ്ചുവേദനയും ശ്വാസതടസ്സവും
തലകറക്കം
ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധകൾ
പതിവായി തലവേദന വരിക
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഫോളിക് ആസിഡ് (വിറ്റാമിൻ ബി9) ശരീരത്തിന് ചുവന്ന രക്താണുക്കളും ഡിഎൻഎയും രൂപപ്പെടുത്താൻ സഹായിക്കുന്ന അത്യാവശ്യ വിറ്റാമിനാണ്. ആവശ്യമായ പോഷകാഹാരവും ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റുകളും ഉപയോഗിക്കുന്നത് വിളർച്ച നിയന്ത്രിക്കാൻ സഹായകമാകും.


