ട്രോളുകൾക്ക് മറുപടിയായി മനുഷ്യത്വ രാഷ്ട്രീയം:എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെക്കുറിച്ച് പരിഹസിച്ചവർക്ക് യുവമോർച്ച നേതാവിന്റെ പിന്തുണ;ഭാഷയല്ല, മനസ്സാണ് പ്രധാനമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം:ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിച്ചുള്ള സോഷ്യൽ മീഡിയ ട്രോളുകൾക്ക് എതിരെ വിമർശനവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. ഭരണത്തിന് നേതൃത്വം നൽകാനും ജനകീയ വിഷയങ്ങളിൽ ഇടപെടാനും ആവശ്യമായത് ഭാഷാ നൈപുണ്യമല്ല, മറിച്ച് മനുഷ്യരുടെ വേദന മനസ്സിലാക്കുന്ന മനുഷ്യത്വപരമായ മനസ്സാണെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്.ബെംഗളൂരുവിലെ യെലഹങ്കയിൽ വീടുകൾ നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ റഹീം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ട്രോളുകൾക്ക് കാരണമായത്.

Advertisements

ഇംഗ്ലീഷിൽ സംസാരിച്ചതിലെ പരിമിതികളെ ചൂണ്ടിക്കാട്ടി കോൺഗ്രസ്-സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയും പരിഹാസങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു.ഈ പശ്ചാത്തലത്തിൽ പ്രതികരിച്ച യുവമോർച്ച നേതാവ്, ഇത്തരം പരിഹാസങ്ങൾ ഒട്ടും ഉചിതമല്ലെന്ന് വ്യക്തമാക്കി. കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയതായി ആരോപിക്കപ്പെടുന്ന ‘ബുൾഡോസർ വേട്ട’യുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ മൗനം തന്നെയാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങളിൽ ഇടപെടാൻ വേണ്ടത് നല്ല മനസ്സും ഇച്ഛാശക്തിയുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ട്രോളുകളോടും രൂക്ഷമായ പരിഹാസങ്ങളോടും അത്യന്തം പക്വതയോടെയാണ് എഎ റഹീം പ്രതികരിച്ചത്.“എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, അത് ഞാൻ അംഗീകരിക്കുന്നു. എന്നാൽ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരേയൊരു ഭാഷ മാത്രമേ ഉള്ളൂ. പരിഹസിക്കുന്നവരോട് എനിക്ക് പിണക്കമില്ല. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ ഞാൻ തീർച്ചയായും ശ്രമിക്കും,” എന്നും റഹീം പറഞ്ഞു.റഹീമിന്റെ ഈ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഇംഗ്ലീഷിലോ ഹിന്ദിയിലോ വലിയ നൈപുണ്യമില്ലാതിരുന്നിട്ടും ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ തമിഴ്നാട് മുൻ മുഖ്യമന്ത്രി കാമരാജിനെപ്പോലുള്ള നേതാക്കളെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയുണ്ടായ ട്രോളുകളും ഈ അവസരത്തിൽ പലരും ഓർമ്മിപ്പിച്ചു.

ഇതിനിടെ, കോൺഗ്രസ്–സി.പി.എം സൈബർ ടീമുകൾ തമ്മിലുള്ള വാക്കുപോരും രൂക്ഷമാകുകയാണ്. എന്നിരുന്നാലും, തന്റെ കുറവുകൾ തുറന്നു സമ്മതിക്കുകയും അത് പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്ത എഎ റഹീമിന്റെ പ്രതികരണത്തിന് സൈബർ ലോകത്ത് വലിയ കൈയടിയാണ് ലഭിക്കുന്നത്.

Hot Topics

Related Articles