തിരുവനന്തപുരം:ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗികമായി സ്വീകരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയറും ആർഎസ്എസ് പ്രവർത്തകനുമായ വി.വി. രാജേഷ്. വൈകിട്ട് ഏഴ് മണിയോടെയാണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. മേയർ ഔദ്യോഗിക വേഷത്തിൽ തന്നെ വിമാനത്താവളത്തിലെത്തി സ്വീകരണത്തിൽ പങ്കെടുത്തു.തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചാർജ് ഏറ്റെടുത്തതിന് പിന്നാലെ മൂന്നാം ദിനത്തിൽ തന്നെ ഉപരാഷ്ട്രപതിയെ സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് വി.വി. രാജേഷ് പറഞ്ഞു. “ബിജെപി പ്രവർത്തകനായതിൽ അഭിമാനമുണ്ട്” എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഉപരാഷ്ട്രപതി പാളയം എൽ.എം.എസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ലോക്ഭവനിൽ താമസിക്കും. 30ന് രാവിലെ 10 മണിക്ക് വർക്കല ശിവഗിരിയിൽ നടക്കുന്ന 93-ാമത് ശിവഗിരി തീർഥാടന സമ്മേളനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.ശേഷം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന ഉപരാഷ്ട്രപതി 12.05ന് മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം മടങ്ങും.


