കൊച്ചി:സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന പരാതിയെ തുടർന്ന് കൊച്ചിയിൽ ഉണ്ടായ സംഘർഷത്തിൽ, സ്വകാര്യ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ചിക്കിംഗ് എംജി റോഡ് ശാഖയിലെ മാനേജറെ കമ്പനി പിരിച്ചുവിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. ഒരുതരത്തിലുമുള്ള അക്രമവും അസഹിഷ്ണുതയും അംഗീകരിക്കാനാകില്ലെന്നും, ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിൽ മാറ്റം വരുത്തുമെന്നും കമ്പനി അറിയിച്ചു.ഫോർട്ട് കൊച്ചി സ്വദേശിയായ ജോഷ്വാ എന്നയാളാണ് പിരിച്ചുവിട്ട മാനേജർ. ഇയാൾ നിലവിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ മാനേജർക്കും സ്ഥാപനത്തിനുമെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനം ഉയർന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്ത സംഭവമുണ്ടായത് എംജി റോഡിലെ ചിക്കിംഗ് ഔട്ട്ലറ്റിലാണ്. സിബിഎസ്ഇ സ്കൂൾ സംസ്ഥാന കായികമേളയിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾ പരിപാടിക്കിടെ കടയിലെത്തിയപ്പോഴാണ് സംഘർഷം ആരംഭിച്ചത്. സാൻവിച്ചിന് ‘പേരിന് പോലും ചിക്കൻ ഇല്ല’ എന്ന പരാതിയാണ് തുടക്കമെന്നാണ് വിവരം.ജീവനക്കാരുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികൾ കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. തുടർന്ന് ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് വിദ്യാർത്ഥികൾ ബന്ധുക്കളെ വിവരം അറിയിച്ചു. പിന്നാലെ വിദ്യാർത്ഥികളുടെ സഹോദരന്മാർ ഉൾപ്പെടെയുള്ളവർ കടയിലെത്തിയതോടെ സംഘർഷം രൂക്ഷമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചോദ്യോത്തരങ്ങൾ കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.ഇതിനിടെയാണ് മാനേജർ അടുക്കളയിലേക്ക് ഓടി കത്തി എടുത്ത് എത്തിയത്. ഇതോടെ സാഹചര്യം അതീവ ഗുരുതരമായി. തുടർന്ന് എതിർസംഘം കസേര ഉപയോഗിച്ച് മാനേജറെ കീഴ്പ്പെടുത്തി മർദിച്ചു.സംഘർഷത്തിൽ ഇരുകൂട്ടർക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഇരുകൂട്ടരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികൾക്കൊപ്പം എത്തിയവർ തന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തെന്നും, ജീവൻ രക്ഷിക്കാനാണ് കത്തി എടുത്തതെന്നുമാണ് മാനേജറുടെ മൊഴി. അതേസമയം, ചിക്കിംഗ് ജീവനക്കാരാണ് ആദ്യം കയ്യേറ്റം നടത്തിയതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


