പറവൂർ:വടക്കൻ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. പ്രസവത്തിന് ശേഷം അമിതമായ രക്തസ്രാവം ഉണ്ടായതായും, അപൂർവമായി സംഭവിക്കുന്ന ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.രക്തസ്രാവം നിയന്ത്രിക്കാൻ അടിയന്തിരമായി ഗർഭപാത്രം നീക്കം ചെയ്യേണ്ടിവന്നതായും, ശസ്ത്രക്രിയയ്ക്കിടയിൽ ഓപ്പറേഷൻ തിയേറ്ററിൽ വച്ച് ഹൃദയസ്തംഭനം സംഭവിച്ചതായും മെഡിക്കൽ സൂപ്രണ്ട് ഡോ. പി.കെ. കുഞ്ചറിയ വ്യക്തമാക്കി. ചികിത്സയിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും, ആദ്യഘട്ടത്തിൽ നൽകേണ്ട രക്തം ആശുപത്രിയിൽ തന്നെ ലഭ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന ബന്ധുക്കളുടെ ആവശ്യം അറിയിച്ചപ്പോൾ തന്നെ ആശുപത്രി സമ്മതിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.പട്ടണം പള്ളിയിൽ കാവ്യമോൾ (30) ആണ് മരിച്ചത്.
ഡിസംബർ 24ന് പറവൂർ ഡോൺ ബോസ്കോ ആശുപത്രിയിൽ യുവതിയുടെ രണ്ടാമത്തെ പ്രസവം നടന്നു. പകൽ 12.50ന് പെൺകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ അമിത രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു.രക്തസ്രാവം നിയന്ത്രിക്കാൻ ഗർഭപാത്രം നീക്കം ചെയ്തതോടെ കാവ്യയുടെ ആരോഗ്യനില ഗുരുതരമായതായി ബന്ധുക്കൾ പറയുന്നു. അപകടനിലയിലായിരുന്നിട്ടും ആദ്യഘട്ടത്തിൽ തന്നെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ വിസമ്മതിച്ചുവെന്നതും ബന്ധുക്കൾ ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകുന്നേരം നാലുമണിയോടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.തുടർന്ന് ആശുപത്രി അധികൃതർ തന്നെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഏർപ്പെടുത്തി രാത്രി 9.30ഓടെ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതോടെ യുവതി ഗുരുതരാവസ്ഥയിലാകുകയും, ബുധനാഴ്ച വൈകുന്നേരം 5.45ന് മസ്തിഷ്കമരണം സംഭവിക്കുകയുമായിരുന്നു.എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതേ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മുൻപും മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. എന്നാൽ ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.


