ഹർജിക്കാർക്ക് ദുരുദ്ദേശം; വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ; വാർത്തകൾ പുനസ്ഥാപിക്കണമെന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതി

ബെംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി. ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് റിപ്പോർട്ടർ ടിവിക്ക് പതിനായിരം രൂപ പിഴയിട്ടത്. മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാർത്തകൾ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹ‍ർജിയിലാണ് നടപടി. ഹർജിക്കാർക്ക് ദുരുദ്ദേശമെന്ന് കോടതി നിരീക്ഷിച്ചു. വാർത്തകൾ പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിവിധ മാധ്യമങ്ങളുടേതായി 994 ലിങ്കുകള്‍ നീക്കം ചെയ്യണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഈ വാര്‍ത്തകളെല്ലാം പുനസ്ഥാപിക്കാം എന്നാണ് പുതിയ വിധി.

Advertisements

റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാർ പ്രതികളായ മുട്ടിൽ മരംമുറി കേസിലെയും മാംഗോ ഫോൺ തട്ടിപ്പിലെയും വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു ചാനൽ അധികൃതരുടെ ആവശ്യം. ബെംഗളൂരു സ്വദേശിയായിരുന്നു ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കക്ഷി ചേരുകയും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. പിന്നാലെ റിപ്പോർട്ടർ ടിവി ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. ഹര്‍ജിക്ക് പിഴ ഇടണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാദം അംഗീകരിച്ച് കൊണ്ടാണ് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയുടെ വിധി.

Hot Topics

Related Articles