തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.രാഷ്ട്രീയത്തിൽ ടെൻഷൻ വരുമ്പോൾ ഗോവിന്ദൻ മാഷിന്റെ ഡയലോഗുകൾ കേട്ടാൽ മനസുതുറന്ന് ചിരിക്കാനാകുമെന്നായിരുന്നു മുരളീധരന്റെ പരിഹാസം.എം വി ഗോവിന്ദൻ തമാശ പറയുന്നയാളാണെന്നും, അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ ഡയലോഗുകൾ കേട്ടാൽ തന്നെ രാഷ്ട്രീയത്തിലെ സമ്മർദം മാറുമെന്നും മുരളീധരൻ പറഞ്ഞു. 100 സീറ്റിൽ യുഡിഎഫ് തോൽക്കും എന്നല്ല, എൽഡിഎഫ് തോൽക്കുമെന്ന ഗോവിന്ദന്റെ പരാമർശത്തെയും അദ്ദേഹം പരിഹസിച്ചു.
വട്ടിയൂർക്കാവിൽ മാത്രമേ മത്സരിക്കൂവെന്ന് കെ സുരേന്ദ്രനും, നേമത്ത് മത്സരിക്കില്ലെന്ന് വി ശിവൻകുട്ടി പറയുന്നതിലും ‘അന്തർധാര’യുണ്ടെന്നും മുരളീധരൻ പറഞ്ഞു.യുഡിഎഫിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കെതിരെ വാതിൽ അടയ്ക്കില്ലെന്നും, എന്നാൽ ആരുടെയും പിന്നാലെ പോയി ക്ഷണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകളുടെ കാര്യത്തിൽ മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ പരസ്പര വിട്ടുവീഴ്ച പതിവാണെന്നും പറഞ്ഞു.വയനാട്ടിലെ വീടുകളുടെ നിർമ്മാണം പ്രിയങ്കാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഷെഡ്യൂൾ അനുസരിച്ച് തറക്കല്ലിടുമെന്നും, തിരഞ്ഞെടുപ്പിന് മുമ്പ് വീടുകൾ പണിതീർക്കുമെന്നും മുരളീധരൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാരിന്റെ പദ്ധതികൾ ഈ അടുത്ത കാലത്ത് പൂർത്തിയാകില്ലെന്നും അദ്ദേഹം വിമർശിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോ, മത്സരിക്കണമെങ്കിൽ ഏത് സീറ്റിൽ നിന്നാകണമെന്നതെല്ലാം പാർട്ടി തീരുമാനിക്കുമെന്നും, സ്ഥാനാർത്ഥി നിർണയത്തിൽ വലിയ തർക്കങ്ങൾ ഉണ്ടാകില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഈ മാസം 15ഓടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഏകദേശ രൂപമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


