കോട്ടയം: സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി എട്ടാമത് സംസ്ഥാന സമ്മേളനം ജനുവരി 10, 11 തീയതികളില്‍ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കും. 10ന് രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് കാവാലം അനില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് സംസ്ഥാന നേതൃയോഗത്തിനുശേഷം കുമാരി പരമേശ്വരി അനില്‍കുമാര്‍ കാവ്യസാഹിതി ബുക്‌സിന്റെ പുസ്തകശാല ഉദ്ഘാടനം നിര്‍വ്വഹിക്കും.
സാഹിതി അവതരണഗാന നൃത്തശില്പത്തിനു ശേഷം ഡോ. പൂര്‍ണത്രയീ ജയപ്രകാശ് ശര്‍മ്മയുടെ വേദഘോഷത്തോടെ ഉദ്ഘാടനസഭയ്ക്ക് തുടക്കമാവും. അന്തരിച്ച കലാസാഹിത്യ പ്രതിഭകള്‍ക്കുള്ള ആദരവായി നാമസ്മരണ അജിതാ രാജന്‍ അവതരിപ്പിക്കും. 11ന് കേന്ദ്ര മത്സ്യ, മൃഗസംരക്ഷണ, പാല്‍വ്യവസായ, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍ ഭദ്രദീപം തെളിയിച്ച് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള തുറുമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അനുഗ്രഹഭാഷണം നടത്തും. വിശിഷ്ടാതിഥിയായി എഴുത്തുകാരനും കേരള ബുക്ക്മാര്‍ക്ക് മുന്‍ ചെയര്‍മാനുമായ ബാബു കുഴിമറ്റം പങ്കെടുക്കും. നോവല്‍ വിഭാഗത്തില്‍ 2026-ലെ കാവ്യസാഹിതി പുരസ്‌ക്കാരം കരസ്ഥമാക്കിയ സുജിത് ഭാസ്‌ക്കറിന് 20,001 രൂപയും വെങ്കലശില്പവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ്കുര്യന്‍ സമ്മാനിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ജലസ്മാരകം എന്ന നോവലിനാണ് സുജിത് ഭാസ്‌ക്കര്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. സിനിമ, സീരിയല്‍ താരം നസീര്‍ സംക്രാന്തി, പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കിയ വ്യക്തി ട്രീസ കെ.എക്സ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഉദ്ഘാടനസഭയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഷമ ശിവരാമന്‍ സ്വാഗതവും സംഘടനാസെക്രട്ടറി ബിന്ദു ദിലീപ് രാജ് നന്ദിയും പ്രകാശിപ്പിക്കും.
ഉച്ചയ്ക്ക് 3.45ന് നടക്കുന്ന പത്രാധിപരോടൊപ്പം പരിപാടിയില്‍ മനോരമ ട്രാവലര്‍ സീനിയര്‍ എഡിറ്റോറിയല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത് എബ്രഹാം, മാതൃഭൂമി, കോട്ടയം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ രശ്മി രഘുനാഥ് എന്നിവര്‍ സംവദിക്കും. 4.20ന് നടക്കുന്ന എഴുത്തിന്റെ വഴിയെ എന്ന പരിപാടിയില്‍ പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ രവിവര്‍മ്മ തമ്പുരാന്‍, മംഗളം എക്സിക്യുട്ടീവ് എഡിറ്റര്‍ ഇ.പി. ഷാജുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും. 5.10ന് കവിതയുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ കവിയും നോവലിസ്റ്റുമായ മനോജ് കുറൂരുമായി കവി ഷിബു എസ്.ബി മുഖാമുഖം നടത്തും. മിമിക്രി, ടെലിവിഷന്‍ താരം റജി രാമപുരം വൈകിട്ട് 6ന് മിമിക്സ് പരേഡ് അവതരിപ്പിക്കും. വൈകിട്ട് 6.50ന് അക്കിത്തം പുരസ്‌ക്കാരത്തിന് വേണ്ടിയുള്ള കാവ്യോത്സവം മെഗാഫൈനല്‍ കവി ഫ്രൊഫ. ശ്രീലകം വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കവിയും നിരൂപകനുമായ ഡോ. മുഞ്ഞിനാട് പത്മകുമാര്‍ അവലോകനവും, നിര്‍ണ്ണയവും നിര്‍വ്വഹിക്കും. തുടര്‍ന്ന് വിനയന്‍ തോണിച്ചാലിന്റെ ഭരതനാട്യം അരങ്ങേറും.
രണ്ടാം ദിവസമായ 11ന് രാവിലെ 9ന് നടക്കുന്ന പുസ്തക പ്രകാശനസഭയില്‍ കെ.എം. സിന്ധുവിന്റെ കഥാസമാഹാരം സമുദ്ര, കവിതാസമാഹാരം പ്രണയമൊരിക്കല്‍, ശ്രീകല വി.ഡിയുടെ കവിതാസമാഹാരം ഉദയചാരുത എന്നീ പുസ്തകങ്ങള്‍ കവിയും മകാസ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ആര്‍. രവീന്ദ്രന്‍ നായര്‍ പ്രകാശനം ചെയ്യും. ഊര്‍മ്മിള എം.ജി. പുസ്തകപരിചയം നടത്തും. ശ്രീമതി ചന്ദ്രമതി പ്രഭാകരന്റെ ഉദയമന്ത്രണം കവിതാസമാഹാരം, ശ്രീദേവി പി. യുടെ കല്ലുമാല കഥാസമാഹാരം എന്നിവ കാവാലം അനില്‍ പ്രകാശനം ചെയ്യും. മകാസ തൃശൂര്‍ ജില്ല സംഘടനാസെക്രട്ടറി പ്രൊഫ. വി.എ. വര്‍ഗ്ഗീസ് അദ്ധ്യക്ഷനാവും.
10.45ന് നടക്കുന്ന ജനപ്രിയ സാഹിത്യം ഇന്നലെ, ഇന്ന് എന്ന വിഷയത്തില്‍ പഴയിടം മുരളി നയിക്കുന്ന സംവാദത്തില്‍ തിരക്കഥാകൃത്തും നോവലിസ്റ്റുമായ ജോയ്സി, നോവലിസ്റ്റുകളായ ബാറ്റണ്‍ബോസ്, കമലാഗോവിന്ദ്, കെ.കെ. സുധാകരന്‍, മെഴുവേലി ബാബുജി, കൈപ്പുഴ ജയകുമാര്‍, മാന്ത്രിക നോവലിസ്റ്റ് ഏറ്റുമാനൂര്‍ ശിവകുമാര്‍ ആര്‍ട്ടിസ്റ്റുമാരായ മോഹന്‍ മണിമല, എന്‍.ജി. സുരേഷ്‌കുമാര്‍ എന്നിവര്‍ സംവദിക്കും. തുടര്‍ന്ന് ജനപ്രിയ സാഹിത്യത്തിലെ കുലപതിയും മംഗളം, സുനന്ദ വാരികകളുടെ മുന്‍ എഡിറ്ററുമായ അമ്പാട്ട് സുകുമാരന്‍ നായരെ ആദരിക്കും. 12.15ന് ആരംഭിക്കുന്ന നേര്‍ക്കുനേര്‍ പരിപാടിയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഫ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പോള്‍ മണലില്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 1.30ന് കുമാരിമാരായ ചിന്മയി അജിത് നായര്‍, സായി ഗായത്രി ചന്ദ്രന്‍ എന്നിവരുടെ നൃത്തനൃത്ത്യങ്ങള്‍, കാഥികരായ ഗീത കൈപ്പറമ്പ്, ഹവ്വ ഇറക്കത്ത് എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം- കഥ രാജപ്രണയിനി, സലിം കുളത്തിപ്പടിയുടെ ഏകാംഗനാടകം എന്നിവ നടക്കും. ഉച്ചയ്ക്ക് 2.45ന് സംസ്ഥാന വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ എം.ആര്‍ അനില്‍കുമാര്‍ സ്വാഗതം ആശംസിക്കുന്ന സമാപനസഭയില്‍ മകാസ സംസ്ഥാന പ്രസിഡന്റ് കാവാലം അനില്‍ അദ്ധ്യക്ഷനാകും. മനോരമ മുന്‍ സ്പോര്‍ട്സ് എഡിറ്ററും ജന്മഭൂമി എഡിറ്ററുമായ കെ.എന്‍.ആര്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിക്കും. താരസംഘടനയായ അമ്മയുടെ വൈസ്പ്രസിഡന്റും സിനിമാതാരവുമായ ജയന്‍ ചേര്‍ത്തല വിശിഷ്ടാതിഥിയാകും. വിവിധ കലാസാഹിത്യ മത്സരവിജയികള്‍ക്കുള്ള പുരസ്‌ക്കാരസമര്‍പ്പണത്തില്‍ അദ്ദേഹം പങ്കാളിയാകും. പുതുക്കിയ സംസ്ഥാന കാര്യനിര്‍വ്വാഹക സമിതി, 2027-ലെ സംസ്ഥാന സമ്മേളന ജില്ല പ്രഖ്യാപനം എന്നിവ മകാസ സംസ്ഥാന ജനറല്‍സെക്രട്ടറി സുഷമ ശിവരാമന്‍ നിര്‍വ്വഹിക്കും.
മകാസ കോട്ടയം ജില്ലാ സംഘടനാ സെക്രട്ടറി ദിവ്യപ്രിയ സമ്മേളനാവലോകനം നടത്തും. സുചിത്ര വി. പ്രഭു, ഹസീന ഷാനവാസ്, ഷിബി നിലാമുറ്റം, രാജീവ് പാലപ്ര, കെ.ഓമന അമ്മ പട്ടാല്‍, പ്രമോദ് ചേര്‍പ്പ് എന്നിവര്‍ വിവിധ പരിപാടികളുടെ സംയോജകരാകും. 5ന് സംസ്ഥാന സഹസംഘടനാ സെക്രട്ടറി യമുനാ ദിലീപിന്റെ കൃതജ്ഞതയ്ക്കു ശേഷം സംസ്ഥാന പ്രസിഡന്റ് കാവാലം അനില്‍ സാഹിതീപതാക താഴ്ത്തുന്നതോടെ സമ്മേളനം സമാപിക്കും.
പത്രസമ്മേളനത്തില്‍ മകാസ സംസ്ഥാനാ സമ്മേളനം സംഘാടകസമിതി ചെയര്‍മാന്‍ പഴയിടം മുരളി, ജനറല്‍ കണ്‍വീനര്‍ എം.ആര്‍. അനില്‍കുമാര്‍, മകാസ കോട്ടയം ജില്ലാ സെക്രട്ടറി കൈപ്പുഴ ജയകുമാര്‍, സംഘടനാസെക്രട്ടറി ദിവ്യപ്രിയ, ജില്ലാ നിര്‍വ്വാഹകസമിതി അംഗം മോഹന്‍ദാസ് മുട്ടമ്പലം എന്നിവര്‍ പങ്കെടുത്തു.


