കണ്ണൂർ:സിപിഎം പ്രവർത്തകനും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവുമായ കെ. ലതേഷിന്റെ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ആർഎസ്എസ്–ബിജെപി പ്രവർത്തകരായ ഒന്നാം പ്രതി മുതൽ ഏഴാം പ്രതി വരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കേസിൽ ഉച്ചയ്ക്ക് 1 മണിക്ക് ശിക്ഷ വിധിക്കും.2008 ഡിസംബർ 31ന് വൈകിട്ട് 5.30ന് കണ്ണൂർ തലായി ചക്യത്തുമുക്ക് കടപ്പുറത്തുവച്ചാണ് കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന കെ. ലതേഷ് (28) സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.ആക്രമണത്തിൽ സിപിഎം പ്രവർത്തകനായ മോഹൻലാൽ എന്ന ലാലുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബോംബേറിൽ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആകെ 64 സാക്ഷികളെയാണ് പ്രോസിക്യൂഷൻ പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 30 പേരെ കോടതി വിസ്തരിച്ചു. ദീർഘകാലമായി നീണ്ടുനിന്ന നിയമനടപടികൾക്കൊടുവിലാണ് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചത്.


