ഏറ്റുമാനൂരിൽ ബിജെപി സ്ഥാനാർത്ഥിത്വ ചർച്ച സജീവം; വാസവനെ നേരിടാൻ അഭിലാഷ് ശ്രീനിവാസനും ലിജിൻ ലാലും പരിഗണനയിൽ

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിത്വ ചർച്ചകൾ സജീവമായി തുടരുന്നു. കുമരകം മുൻ മണ്ഡലം പ്രസിഡണ്ട് അഭിലാഷ് ശ്രീനിവാസനെയും ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിനെയും പാർട്ടി നേതൃത്വം പ്രധാന പരിഗണനയിൽ എടുത്തിട്ടുണ്ടെന്നതാണ് പുറത്തുവരുന്ന സൂചനകൾ. കഴിഞ്ഞദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ലിജിൻ ലാലിൻറെ പേര് പരിഗണനയ്ക്ക് വന്നിരുന്നു. ഇത് കൂടാതെ മണ്ഡലത്തിൽ സുപരിചിതനായ യുവ നേതാവിനെയും സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് കുമരകം മണ്ഡലം പ്രസിഡണ്ട് കൂടിയായ അഭിലാഷ് ശ്രീനിവാസന്റെ പേര് പരിഗണിക്കുന്നത്.

Advertisements

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിൽ നിന്ന് സീറ്റ് ബിജെപി ഏറ്റെടുത്തിരുന്നു. ഏറ്റുമാനൂർ സീറ്റിൽ ഇക്കുറിയും ബിജെപി തന്നെ മത്സരിക്കുമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. മുന്നണി തലത്തിൽ നടന്ന പ്രാഥമിക ചര്‍ച്ചകളിൽ സീറ്റ് വിഭജനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടതുമുന്നണിക്കായി നിലവിൽ മന്ത്രി വി.എൻ. വാസവനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിനെതിരെ ശക്തമായ സ്ഥാനാർത്ഥിയെ ഇറക്കുന്നതിനാണ് ബിജെപി ശ്രമം ആരംഭിച്ചിരിക്കുന്നത്. സംഘടനാപരമായ ശക്തിയും പ്രാദേശിക സ്വാധീനവും മുൻനിർത്തിയാണ് അഭിലാഷ് ശ്രീനിവാസനും ലിജിൻ ലാലും പരിഗണനയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഇതിനിടെ, പ്രാദേശിക തലത്തിൽ പാർട്ടിയുടെ വളർച്ചയും ബിജെപി നേതൃത്വം മുന്നോട്ട് വെക്കുന്നു. അയ്മനം പഞ്ചായത്തിൽ ഭരണം പിടിച്ചതും കുമരകം പഞ്ചായത്തിൽ മൂന്ന് സീറ്റ് നേടിയതും പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളായി കണക്കാക്കുന്നു. ഇതുവരെ ഒരു സീറ്റ് പോലും വിജയിക്കാതിരുന്ന ആർപ്പൂക്കര പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ 3 സീറ്റുകളാണ് ബിജെപി നേടിയത്. ഇതും അനുകൂല ഘടകമാണെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു.

ആറ് പഞ്ചായത്തുകളും ഏറ്റുമാനൂർ നഗരസഭയും ഉൾപ്പെടുന്നതാണ് ഏറ്റുമാനൂർ മണ്ഡലം. വിവിധ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയ നിലപാടുകളും വോട്ടിംഗ് പ്രവണതകളും സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത ഘട്ടത്തിൽ ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനോടനുബന്ധിച്ച് ഏറ്റുമാനൂരിൽ രാഷ്ട്രീയ ചലനങ്ങൾ ശക്തമാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Hot Topics

Related Articles