അടുത്തിടെയാണ് മിനിസ്ക്രീൻ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചത്. കോട്ടയം എംസി റോഡിൽ നാട്ടകത്ത് ആയിരുന്നു അപകടം ഉണ്ടായത്. അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്ഥ് പ്രഭു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ചിങ്ങവനം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയിൽ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ചിരുന്നു എന്നും തെളിഞ്ഞിരുന്നു.
അപകടത്തിനു ശേഷം കുറച്ചു നാളത്തേക്ക് സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹൈഡ് ചെയ്തിരുന്നു. ഇപ്പോളിതാ കുറച്ചു നാളത്തെ ഇടവേളക്കു ശേഷം താരം വീണ്ടും ഉപ്പും മുളകും പരമ്പരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതോടൊപ്പം, ഇൻസ്റ്റഗ്രാം പ്രൊഫൈലും ആക്ടീവാക്കിയിട്ടുണ്ട്. പരമ്പരയുടെ പുതിയ പ്രമോ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. സിദ്ധാർത്ഥിനെ തിരികെ കൊണ്ടു വന്നതിന് നന്ദിയുണ്ടെന്ന് ആരാധകരിൽ ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും മറുവശത്ത് വിമർശനങ്ങളും ശക്തമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ നേരിടേണ്ടി വരില്ലേ എന്നുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ”ഒരാളെ കൊന്നിട്ട് അവനെ ഇപ്പോഴും പിന്തുണക്കുന്ന കുടുംബപ്രേക്ഷകർ ഉണ്ടോ”, എന്നും ചിലർ ചോദിക്കുന്നു. ”വെള്ളമടിച്ചു ഒരാളെ കൊന്നാലും ഇവിടെ ഒരു കുഴപ്പവുമില്ല അല്ലേ. നമ്മളൊക്കെ പേടിക്കുന്നത് വെറുതെയാ”, എന്നു പറയുന്നവരുമുണ്ട്.
തട്ടീം മുട്ടീം എന്ന സീരിയലിലൂടെയാണ് സിദ്ധാർത്ഥ് പ്രഭു ആദ്യം ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. പരമ്പരയിൽ മഞ്ജു പിള്ളയുടെ മകൻ കണ്ണന്റെ വേഷമാണ് താരം ചെയ്തിരുന്നത്. സിദ്ധാർത്ഥിന്റെ സഹോദരി മീനാക്ഷിയും ഇതേ പരമ്പരയിൽ താരത്തിന്റെ സഹോദരിയായിത്തന്നെ അഭിനയിച്ചിരുന്നു. പിന്നീട് ചില സിനിമകളിലും വേഷമിട്ടു. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ (ജൂഹി റുഹ്തഗി) ഭർത്താവായി സിദ്ധാർത്ഥ് എത്തിയത്.


