ദുബായ്: മിഡില്‍ ഈസ്റ്റിലെ വ്യവസായ മേഖലയില്‍ മലയാളി കരുത്ത് വിളിച്ചോതി മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി പ്രമുഖ ബിസിനസ് മാഗസിനായ മിഡില്‍ ഈസ്റ്റ് ഓണ്ട്രപ്രണർ. ‘ദി 100 NRIs’എന്ന പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ഒന്നാമത്. മിഡില്‍ ഈസ്റ്റിലെ വാണിജ്യ വ്യവസായ മുന്നേറ്റത്തിന് നല്കിയ സംഭാവനകളിലൂടെയാണ് യൂസഫലി പട്ടികയുടെ തലപ്പത്തെത്തിയത്. ആദ്യ അഞ്ച് സ്ഥാനങ്ങളിലും മലയാളികളാണെന്നതാണ് പട്ടികയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. സണ്ണി വർക്കി, ഡോ. അദ് നാൻ ചില്വാൻ, ഡോ. ആസാദ് മൂപ്പൻ, ഡോ. ഷംഷീർ വയലില്‍ എന്നവരാണ് ആദ്യ അഞ്ചില്‍ ഇടംപിടിച്ചവർ. നൂറു പേരുടെ പട്ടികയില്‍ 22 മലയാളികള്‍ ഇടംപിടിച്ചു എന്നതും ശ്രദ്ധേയമായി.
വിശദ വിവരങ്ങള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റീട്ടെയ്ല്‍, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയിലാണ് മലയാളിക്കരുത്ത്. വ്യവസായം, ടെക്നോളജി, ഇന്നോവേഷൻ, നിക്ഷേപ രംഗങ്ങളിലെ മികച്ച സംഭാവനകള്‍ കൂടി വിലയിരുത്തിയാണ് പട്ടിക. മിഡില്‍ ഈസ്റ്റിലെ വാണിജ്യ വ്യവസായ മുന്നേറ്റത്തിന് നല്കിയ സംഭാവനകളിലൂടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് ആദ്യ സ്ഥാനത്ത്. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സി ഇ ഒ ഡോ. അദ് നാൻ ചില്വാൻ, ആസ്റ്റർ ഡി എം ഹെല്‍ത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീല്‍ ഹോള്‍ഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലില്‍ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. മലയാളികളില്‍ ലുലു ഫിനാൻഷ്യല്‍ ഹോള്‍ഡിങ്ങ്സ് എം ഡി അദീബ് അഹമ്മദ് ആദ്യ പത്തു പേരുടെ പട്ടികയില്‍ ഇടം പിടിച്ചു. മൊത്തം 22 മലയാളികളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി എൻ സി മേനോൻ, പബ്ലിക് റിലേഷൻ മേഖലയിലെ പ്രമുഖൻ സുനില്‍ ജോണ്‍, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, അല്‍ ഹംറ ഗ്രൂപ്പ് സി ഇ ഒ ബിനോയ് കുര്യൻ, ആർ പി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, ഹെയില്‍ബ്രോണ്‍ പ്രോപ്പർട്ടീസ് സ്താപക ചെയർമാൻ ദിലീപ് കുമാർ, കെഫ് ഹോള്‍ഡിങ്സ് ചെയർമാൻ ഫൈസല്‍ കോട്ടിക്കൊള്ളാൻ, പ്യുവര്‍ ഗോള്‍ഡ് സ്ഥാപകൻ ഫിറോസ് മർച്ചന്റ്, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേള്‍ഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, ഇക്വിറ്റി ഗ്രൂപ്പ് ഓഫ് കംപനീസ് ഗ്രൂപ്പ് സി ഇ ഒ ശോഭ മേനോൻ, മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എം ഡി ഷംലാല്‍ അഹമ്മദ് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആസ്റ്റർ ഡി എം ഹെല്‍ത്ത്കെയർ എം ഡി അലിഷ മൂപ്പൻ, ദിനോ വർക്കി, ആഷിഷ് കോശി, രവി പി എൻ സി മേനോൻ, കെ പി ബഷീർ, സിദീഖ് അഹമ്മദ്, ശരത് നായർ എന്നീ മലയാളികളും പട്ടികയില്‍ ഇടപിടിച്ചു.


