കോട്ടയം: മൂന്നു ദിവസം ‘വെർച്വൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വച്ച്‘ കഞ്ഞിക്കുഴി സ്വദേശിനിയായ 68 കാരിയുടെ 27 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം പൊലീസിൻ്റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലിനെ തുടർന്ന് തടഞ്ഞു. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി മൊബൈൽ ഫോൺ മുഖേന ഭീഷണിപ്പെടുത്തി “വെർച്വൽ അറസ്റ്റ്” എന്ന വ്യാജനാടകത്തിലൂടെ തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്.
27 ലക്ഷം രൂപ പിൻവലിക്കാനായി വീട്ടമ്മ ബാങ്കിൽ എത്തിയപ്പോൾ ഇടപാടിൽ അസാധാരണത കണ്ടെത്തിയ ആക്സിസ് ബാങ്ക് നാഗമ്പടം ബ്രാഞ്ചിലെ കസ്റ്റമർ റിലേഷൻ മാനേജർ ആന്റോ തോമസും ഇൻവെസ്റ്റ്മെന്റ് മാനേജരുമാണ് സംശയം തോന്നി സൈബർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നത്. തുടർന്ന് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഏലിയാസ് പി ജോർജിൻ്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അഭിലാഷ് ഭാസ്കർ വീട്ടമ്മയെയും ബാങ്ക് ഉദ്യോഗസ്ഥരെയും സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്ഐ അഭിലാഷ് ഭാസ്കർ ഇടപെട്ട് വീട്ടമ്മയെ കാര്യങ്ങൾ വിശദമായി ബോധ്യപ്പെടുത്തുകയും തട്ടിപ്പിന്റെ സ്വഭാവം വ്യക്തമാക്കുകയും ചെയ്തു. ഇതോടെ 27 ലക്ഷം രൂപ നഷ്ടപ്പെടുന്നതിൽ നിന്ന് വീട്ടമ്മയെ രക്ഷപ്പെടുത്താനായി. കൂടാതെ, കഴിഞ്ഞ മൂന്ന് ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്ന ഇവരെ അതിൽ നിന്നും മുക്തയാക്കുകയും ചെയ്തു.
സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും, സംശയാസ്പദമായ ഫോൺ കോൾകൾ ലഭിക്കുമ്പോൾ ഉടൻ 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കുക. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുള്ളവർ
പൊലീസിനെയോ ബന്ധപ്പെട്ട അധികാരികളെയോ വിവരം അറിയിക്കേണ്ടതാണ്.

