ഫോട്ടോ : കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാങ്ങാനം കാവിൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ഭക്തജനങ്ങളോട് വോട്ട് അഭ്യർഥിക്കുന്നു
കോട്ടയം: കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ നാളെ മാർച്ച് 23 തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30ന് കോട്ടയം മിനി സിവിൽ സ്റ്റേഷനിലെത്തി വരണാധികാരിയായ പുഞ്ച സ്പെഷ്യൽ ഓഫീസർ കെ.പി. ജയകുമാറിന് മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി വിപുലമായ പരിപാടികളാണ് യുഡിഎഫ് കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. യുഡിഎഫിന്റെ കോട്ടയം നിയോജകമണ്ഡലം ചീഫ് ഇലക്ഷൻ ഏജന്റായി യൂജിൻ തോമസിനെ നിയമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രാവിലെ ഒൻപതിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തി പ്രാർത്ഥനകൾ നടത്തിയ ശേഷം അദ്ദേഹം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ച് ആദരമർപ്പിക്കും. തുടർന്ന് 10.30-ന് കോട്ടയം ഗാന്ധി സ്ക്വയറിലെത്തുന്ന അദ്ദേഹം ഗാന്ധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ഇതിന് ശേഷമാകും യുഡിഎഫ് നേതാക്കളോടും പ്രവർത്തകരോടുമൊപ്പം മിനി സിവിൽ സ്റ്റേഷനിലേക്ക് പത്രികാ സമർപ്പണത്തിനായി പോകും.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. രാവിലെ മുതൽ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും സന്ദർശനം നടത്തി വിശ്വാസികളുമായി സംവദിച്ചു.
കുമാരനല്ലൂർ, വിജയപുരം, ചിങ്ങവനം എന്നിവിടങ്ങളിൽ നടന്ന കോൺഗ്രസ് മണ്ഡലം കൺവൻഷനുകളിലും അദ്ദേഹം പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ കോട്ടയത്തെ വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ച ഇടതു സർക്കാരിന്റെ നയങ്ങളെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും മുൻനിർത്തിയുള്ള പ്രചാരണമാണ് വരും ദിവസങ്ങളിൽ യുഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. 1001 അംഗ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ഓരോ വീടുകളിലും നേരിട്ടെത്തി വോട്ടർമാരെ കാണാനാണ് തീരുമാനം. വരും ദിവസങ്ങളിൽ പ്രമുഖ യുഡിഎഫ് നേതാക്കളും പ്രചാരണത്തിനായി മണ്ഡലത്തിലെത്തും.

