സൂര്യനുള്ളിടത്തോളം കാലം കാതോലിക്കേറ്റിനെ വിസ്മരിക്കില്ല : പരിശുദ്ധ കാതോലിക്കാ ബാവാ : മലങ്കരസഭയുടെ ദേവാലയങ്ങളിൽ കാതോലിക്കാദിനം ആചരിച്ചു

ചിത്രം : കാതോലിക്കാ ദിനത്തോട് അനുബന്ധിച്ച് കൊല്ലം സെന്റ് തോമസ് കത്തീഡ്രലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മലങ്കരസഭാ പതാക ഉയർത്തുന്നു.

Advertisements

കോട്ടയം കൊല്ലം/ ബുധനൂർ : മാർത്തോമ്മൻ പൈതൃകത്തിന്റെയും, സ്വയംശീർഷകത്വത്തിന്റെയും, സ്വത്വബോധത്തിന്റെയും വിശ്വാസദീപ്തിയിൽ മലങ്കരസഭയുടെ ദേവാലയങ്ങളിൽ കാതോലിക്കാദിനം ആചരിച്ചു. മലങ്കരസഭാ ദിനത്തോട് അനുബന്ധിച്ച് മുഴുവൻ ദേവാലയങ്ങളിലും രാവിലെ കാതോലിക്കേറ്റ് പതാക ഉയർത്തി. വിശുദ്ധ കുർബാനമേധ്യ സഭയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുകയും വിശ്വാസികൾ കാതോലിക്കാദിന പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊല്ലം സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയർപ്പിച്ചു. കാതോലിക്കാദിനത്തോട് അനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനം ബുധനൂർ സെന്റ് ഏലിയാസ് പള്ളിയിൽ സംഘടിപ്പിച്ച സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. സൂര്യനുള്ളിടത്തോളം കാലം കാതോലിക്കേറ്റിനെയും സഭാഭരണഘടനയെയും മലങ്കരമക്കൾ വിസ്മരിക്കില്ലെന്ന് ബാവാ പറഞ്ഞു. മലങ്കരസഭയെ ദ്രോഹിച്ചവരെ സഭയ്ക്കറിയാം. സഭയ്ക്കെതിരെ പ്രവർത്തിക്കുന്നവരെ ഒളിഞ്ഞും തെളിഞ്ഞും ചിലർ സഹായിക്കുന്നുണ്ട്. പ്രതികൂലതകളെ സധൈര്യം നേരിടും. 1934-ലെ സഭാ ഭരണഘടനയാൽ ഭരിക്കപ്പെടേണ്ട പള്ളികൾ വിട്ടുനൽകില്ല. പൂർണ നീതി ലഭിക്കുന്നത് വരെ സഭ പോരാടുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തി.

സഭാംഗവും ചലച്ചിത്രതാരവുമായ അജു വർഗീസ് മുഖ്യാതിഥിയായി. മാർ അത്താനാസിയോസ് മെഡികെയർ പ്രോജക്ട് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഫാ.പി.കെ കോശി, ഒ.സി.വൈ.എം കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ. ജെയിൻ സി. മാത്യു, കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാർ രഞ്ജു എം. ജോയ്, ഒ.സി.വൈ.എം. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. എൽവിൻ തോമസ്, ഇടവക വികാരി ഫാ. സ്റ്റീഫൻ വർഗീസ്, ഒ.സി.വൈ.എം. ഭദ്രാസന സെക്രട്ടറി അപ്രേം കുന്നിൽ, റോബിൻ ജോ വർഗീസ്, റീനു തോമസ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ബുധനൂർ ചക്കാലേത്ത് ജംഗ്ഷനിൽ നിന്നും വിളംബര ഘോഷയാത്ര നടന്നു.

Hot Topics

Related Articles