ഏറ്റുമാനൂർ : പതിവുപോലെ വേനൽ ആരംഭിക്കും മുമ്പേ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ജലം ലഭിക്കാത്ത സാഹചര്യമാണ് സ്റ്റേഷനിലുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴും സ്റ്റേഷനിലെ ശുചിമുറികൾ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
ട്രെയിൻ നിർത്തുന്ന 2,3 പ്ലാറ്റ് ഫോമിൽ നിരവധി ടാപ്പുകൾ സജീകരിച്ചിട്ടുണ്ടെങ്കിലും എട്ടുവർഷമായി വെള്ളമെത്തിയിട്ടില്ല. രണ്ടാം പ്ലാറ്റ് ഫോമിൽ കൂളർ സ്ഥാപിച്ചെങ്കിലും വെള്ളമില്ലാത്തതിനാൽ ഉപയോഗശൂന്യമാണ്. എം ജി യൂണിവേഴ്സിറ്റി, ബ്രില്യന്റ്, മെഡിക്കൽ കോളേജ്, ഐ സി എച്ച് പോലുള്ള സ്ഥാപനങ്ങളിലേയ്ക്കുള്ള ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണ് അധികൃതരുടെ അനാസ്ഥമൂലം ഈ ദുരവസ്ഥ തുടരുന്നത്..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി ജനപ്രതിനിധികൾക്കും തദ്ദേശ ഭരണകൂടത്തിലും പാസഞ്ചേഴ്സ് അസോസിയേഷനും സ്റ്റേഷൻ ജീവനക്കാരും ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നിവേദനം കൊടുത്തിട്ടുണ്ട്. .2024 ഒക്ടോബറിൽ ബഹുമാനപ്പെട്ട കോട്ടയം എം പി ശ്രീ. ഫ്രാൻസിസ് ജോർജ്ജ് സ്റ്റേഷനിൽ വിളിച്ചുചേർത്ത ജനസദസ്സിൽ അന്നത്തെ സ്റ്റേഷൻ സുപ്രണ്ടായിരുന്ന അനുപ് ഐസക്ക് കേരള സർക്കാരിന്റെ വാട്ടർ കണക്ഷൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ജലലഭ്യത കുറഞ്ഞതോടെ പാർക്കിംഗിലെ സ്ത്രീജീവനക്കാരോട് ശുചിമുറി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സ്റ്റേഷനിൽ നിന്ന് അറിയിച്ചിരിക്കുകയാണ്. സ്ത്രീകൾക്ക് പാർക്കിംഗിൽ 24 മണിക്കൂർ ഡ്യൂട്ടിയാണ് നിശ്ചയിച്ചിരിക്കുന്നത്. വലിയ പ്രതിസന്ധിയിലൂടെയാണ് സ്റ്റേഷനിലെ ജീവനക്കാരും യാത്രക്കാരും കടന്നുപോകുന്നത്.
മനയ്ക്കപ്പാടത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതും യാത്രക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. വേനലിലും മഴയിലും ഓവർബ്രിഡ്ജിന് അടിയിലാണ് യാത്രക്കാർ അഭയം പ്രാപിക്കുന്നത്. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. അഞ്ചുപഞ്ചായത്തിലെയും ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെയും പതിനായിരക്കണക്കിന് യാത്രക്കാർ തൊഴിൽ പഠന ആവശ്യങ്ങൾക്കായി ഇപ്പോൾ സ്റ്റേഷൻ ആശ്രയിക്കുന്നുണ്ട്

