ഫോട്ടോ: ടി.സി.ദേവദാസ് പാടത്ത് നിന്ന് ഇറുത്തെടുത്ത കണിവെള്ളരികൾക്കൊപ്പം
തലയാഴം: കൊയ്ത്ത് കഴിഞ്ഞ പാടത്തും തുറസായ പുരയിടങ്ങളിലും കണി വെള്ളരിക്കൃഷിയിൽ നൂറുമേനി നേടി കർഷക കൂട്ടായ്മ. തലയാഴം മാടപ്പള്ളി ഭാഗത്ത് വട്ടക്കരി പാടശേഖരത്ത് തുമ്പൻതറ മാത്യൂസിന്റെ ഒന്നര ഏക്കറിലും സമീപ പുരയിടങ്ങളിലുമാണ് കണിവെള്ളരി കൃഷി നടത്തിയത്. കർഷകരുടെ കാർഷികാഭിമുഖ്യം കണക്കിലെടുത്ത് ഉടമകൾ സൗജന്യമായി സ്ഥലം നൽകുകയായിരുന്നു. തുറമുഖ വകുപ്പിൽ നിന്ന് 2017ൽ വിരമിച്ച പൗവത്തിൽ ടി.സി.ദേവദാസാണ് ഭാര്യ മേരിയുടെ പിതൃസഹോദരൻ മാത്യൂസിൻ്റെ പാടത്ത് ആദ്യം കണിവെള്ളരി കൃഷി ചെയ്തത്. മാത്യൂസിൻ്റെ മകളും കൃഷി ഓഫീസറുമായ അനുപമ വിത്തും നിർദ്ദേശങ്ങളും നൽകി. ദേവദാസൻ്റെ മക്കളായ അഖിൽ ഡി.ദാസും ദർശന ഡി. ദാസും കൃഷിക്ക് കട്ട സപ്പോർട്ട് നൽകിയതോടെ കഴിഞ്ഞ ഒൻപത് വർഷമായി വിഷുവിപണിയിൽ ദേവദാസ് കണിവെള്ളരി എത്തിക്കുന്നു. ദേവദാസിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജോയിതുമ്പൻതറ, പി.എസ്. ഡേവിഡ്, എൻ.തങ്കച്ചൻ എന്നിവരും കണി വെള്ളരി കൃഷിയിൽ നേട്ടം കൊയ്തു. മികച്ച വിളവു ലഭിച്ചതിനൊപ്പം നല്ല വിലയും ലഭിച്ചത് കർഷകർക്ക് ഏറെ ആഹ്ലാദം പകർന്നു. വിത്ത് നട്ട് 60 ദിവസത്തിനകം വിളവു ലഭിച്ചു. ഒരു ചുവട്ടിൽനിന്നും 10 മുതൽ 20 കിലോവരെ വിളവ് ലഭിച്ചതായി കർഷകർ പറഞ്ഞു. നെല്ല് വിളവെടുപ്പ് നട ത്തിയ ശേഷം വിഷുവിപണി ലക്ഷ്യ മിട്ടാണ് ഇവർ വെള്ളരിക്കൃഷി ആരംഭിച്ചത്. ജൈവവള ഉപയോഗിച്ചാണ് കൃഷി നടത്തിയത്. വെള്ളരിക്ക് പുറമെ ചീര, വെണ്ട, വഴുതന, പയർ തുട ങ്ങിയവയും കൃഷിചെയ്യുന്നുണ്ട്.

