തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച് നടനും സംവിധായകനുമായ ആർജെ ബാലാജി. തന്റെ നാട്ടില്‍ പല പാർട്ടിയിലുള്ളവർ മുഖ്യമന്ത്രിയാകാൻ നോക്കി. എന്നാല്‍ കേരളത്തില്‍ ഒരു പാർട്ടിയിലുള്ള പലർ മുഖ്യമന്ത്രിയാകാൻ നോകുന്നു എന്നായിരുന്നു ആർജെ ബാലാജി പരിഹസിച്ചത്. ഞങ്ങള്‍ക്ക് ഒരു നല്ല മുഖ്യമന്ത്രിയെ ലഭിച്ചു, ഉടന്‍ തന്നെ നിങ്ങള്‍ക്കും നല്ലൊരു മുഖ്യമന്ത്രിയെ ലഭിക്കട്ടെ എന്ന് അദ്ദേഹം പരിഹാസ രൂപേണ ആശംസിച്ചു. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന സൂര്യ നായകനായ കറുപ്പ് സിനിമയുടെ ലോഞ്ചിനിടെയായിരുന്നു ആർജെ ബാലാജിയുടെ പരിഹാസം.
സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കുന്ന ‘കറുപ്പ്’ തിയേറ്ററുകളില്‍ എത്തുകയാണ്. തൃഷയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. മെയ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.


