തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ വേഗത്തിലാക്കി യുഡിഎഫ്. കേരളത്തില്‍ മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവന്‍ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവന്‍ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുന്‍പ് തീരുമാനിക്കാനാണ് ശ്രമം.
21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറുമാവും ഉണ്ടാകുക. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് പാര്‍ട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുകയെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നല്‍കി അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുമോ എന്നത് കണ്ടറിയണം. അതേ സമയം വിശ്വസ്തരെ മന്ത്രിസഭയിലേക്ക് നിര്‍ദേശിക്കാനും നീക്കമുണ്ട്.കോണ്‍ഗ്രസിന് ലഭിക്കുന്ന 10 മന്ത്രിസ്ഥാനങ്ങളിലേക്ക് സാമുദായിക സമവാക്യങ്ങള്‍ പാലിച്ചുകൊണ്ട് യുവാക്കളെയും വനിതകളെയും മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തേണ്ടതുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പാണ്. കെ. മുരളീധരനെ ആരോഗ്യവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. എന്‍. ശക്തന്‍, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍ തുടങ്ങി വലിയൊരു നിര തന്നെ പട്ടികയിലുണ്ട്. ഇതില്‍ ഒരാള്‍ സ്പീക്കറാകും. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും നിര്‍ണ്ണായകമാണ്.
മന്ത്രിസഭയില്‍ തങ്ങളുടെ വ്യക്തമായ മേല്‍ക്കൈ ഉറപ്പിക്കാനാണ് കെ.സി. വേണുഗോപാല്‍ പക്ഷം ലക്ഷ്യമിടുന്നത്. കുറഞ്ഞത് അഞ്ച് മന്ത്രിസ്ഥാനങ്ങളെങ്കിലും വേണമെന്ന നിലപാടിലാണ് ഇവര്‍. എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, പഴകുളം മധു, ബിന്ദു കൃഷ്ണ, എം. ലിജു, മാത്യു കുഴല്‍നാടന്‍ എന്നിവരടങ്ങുന്ന ഒരു പട്ടികയാണ് വേണുഗോപാലിന്റെ മനസ്സിലുള്ളതെന്നാണ് സൂചനകള്‍. ഇവരില്‍ ആരെല്ലാം അന്തിമപ്പട്ടികയില്‍ ഇടംപിടിക്കുമെന്നത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
അതേ സമയം സഖ്യകക്ഷികളുടെ മന്ത്രിസഭയിലെ അംഗത്വവും വകുപ്പ് വിഭജനവുമാണ് ഇനി നിര്‍ണായകം. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് കൈവശം വയ്ക്കണമെന്ന ആവശ്യം ശക്തമാണ്. ലീഗ് ഇത് അംഗീകരിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ലീഗില്‍നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീര്‍, എന്‍.ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെ.എം.ഷാജി, പാറയ്ക്കല്‍ അബ്ദുല്ല, വി.ഇ.അബ്ദുല്‍ ഗഫൂര്‍, എ.കെ.എം.അഷ്റഫ്, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവരാണ് പരിഗണിക്കപ്പെടുന്നത്. കേരള കോണ്‍ഗ്രസ് 2 മന്ത്രിമാരെ ചോദിക്കുമെങ്കിലും ഒരു മന്ത്രി സ്ഥാനത്തിനും ഡപ്യൂട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ചീഫ് വിപ് സ്ഥാനത്തിനുമാകും സാധ്യത. മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അപു ജോണ്‍ ജോസഫ് എന്നിവര്‍ക്കാണു സാധ്യത. ആര്‍എസ്പിയിലെ ഷിബു ബേബി ജോണും കേരള കോണ്‍ഗ്രസിലെ (ജേക്കബ്) അനൂപ് ജേക്കബും മന്ത്രിമാരാകും. മറ്റു കക്ഷികളില്‍ നിന്ന് സി.പി.ജോണ്‍, മാണി സി.കാപ്പന്‍ എന്നിവര്‍ മന്ത്രിമാരായേക്കും.
കെ.സി. വേണുഗോപാല്‍ നാളെ എത്തുന്നതോടെ ഡല്‍ഹിയില്‍ നിന്നുള്ള ഹൈക്കമാണ്ടിന്റെ അന്തിമ മുദ്ര പതിഞ്ഞ പട്ടിക തയ്യാറാകും. ഗ്രൂപ്പ് വൈരങ്ങള്‍ മാറ്റിവെച്ച് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള ഒരു പട്ടിക പുറത്തിറക്കാന്‍ കഴിഞ്ഞാല്‍ അത് വരാനിരിക്കുന്ന ഭരണത്തിന് വലിയ ഊര്‍ജ്ജമാകും നല്‍കുക


