കോട്ടയം: മദ്യലഹരിയിൽ വടിവാളുമായി ഭീഷണിമുഴക്കിയതിന് കുമരകം പൊലീസ് പിടികൂടിയ പ്രതി, ജാമ്യത്തിലിറങ്ങി ഒരു മണിക്കൂറിനകം തിരുവാർപ്പ് സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവാർപ്പ് കാഞ്ഞിരം പത്തൊൻപതിൽ ചിറയിൽ മുരുകനെയാണ് (50) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്യലഹരിയിൽ ഭീഷണി മുഴക്കുകയും, അസഭ്യം പറയുകയും ചെയ്ത തിരുവാർപ്പ് കോതമംഗലം ഭാഗം കിളിരൂർ കരയിൽ കളപ്പൂരത്തറ വീട്ടിൽ കെ. രഞ്ജിനെയാണ് സംഭവുമായി ബന്ധപ്പെട്ട് കുമരകം പൊലീസ് പ്രതിചേർത്തിരിക്കുന്നത്. സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് രഞ്ജിൻ കുമരകം പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യത്തിലിറങ്ങിയത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. രാവിലെ പ്രദേശത്തെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് പ്രതിയും ആക്രമണത്തിന് ഇരയായ ആളും അടങ്ങുന്ന സംഘം ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഇവിടെ തർക്കമുണ്ടാകുയും, രാത്രിയിൽ രഞ്ജിൻ വടിവാളുമായി തിരുവാർപ്പിൽ എത്തി ഭീഷണി മുഴക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ എത്തിയ പൊലീസ് സംഘം രഞ്ജിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് പെറ്റി കേസ് ചുമത്തി രാത്രി ഒരു മണിയോടെ ജാമ്യത്തിൽ വിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് സ്റ്റേഷനിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി രാത്രി രണ്ട് മണിയോടെ കാഞ്ഞിരം പാലം കോ-ഓപ്പറേറ്റീവ് ബാങ്ക് സമീപത്ത് എത്തി. തുടർന്ന് കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് മുരുകനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജ്ഞിനെ സ്റ്റേഷനിൽ കുട്ടി കൊണ്ടുവരുവാൻ ഇടയാക്കിയത് മുരുകൻ അറിയിച്ചതിനെ തുടർന്നാണ് എന്ന് തെറ്റിധരിച്ചാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന് മുൻപ് മദ്യപിച്ചു ഇരുവരും തമ്മിൽ തർക്കവും ഉണ്ടായിരുന്നു. ഇടതു കൈയ്ക്കും കാലിനും മറ്റും വെട്ടേറ്റ മുരുകൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കുമരകം പൊലീസ് കേസെടുത്തു.


