മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം’ റിലീസ് ചെയ്തിട്ട് പതിമൂന്നു വര്‍ഷം പിന്നിടുകയാണ്. വിവിധ ഭാഷകളിലായി നിരവധി റീമേക്കുകള്‍ വന്നിട്ടും ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് വരുണ്‍ എന്ന കഥാപാത്രത്തിന്റെ കൊലപാതകവും അതിനെത്തുടര്‍ന്നുള്ള പോലീസ് അന്വേഷണവുമാണ്.
ചിത്രത്തിന്റെ മൂന്നാം ഭാഗമായ ‘ദൃശ്യം 3’ തിയറ്ററുകളിൽ റിലീസ് ചെയ്തിരിക്കെ , സിനിമയുടെ നീണ്ട യാത്രയെക്കുറിച്ചും തന്റെ കഥാപാത്രത്തെ ഇത്രയും കാലം മനസില്‍ സൂക്ഷിച്ച പ്രേക്ഷകര്‍ക്കും ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് വരുണായി വേഷമിട്ട നടന് റോഷന് ബഷീര്‍.2013-ലെ ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു റോഷന്റെ കുറിപ്പ്-
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘2013-ലെ ദൃശ്യം ഷൂട്ടിംഗ് ദിവസങ്ങളില്‍ നിന്നുള്ള ഒരുപിടി ഓര്‍മകള്‍. ഇതിഹാസമായി മാറിയ ഒരു സിനിമ, ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രം, ഇപ്പോള്‍ ദൃശ്യം 3 തിയറ്ററുകളിലേക്ക് എത്തുന്നു…’
ആദ്യ ഭാഗത്തില്തന്നെ തന്റെ കഥാപാത്രം കൊല്ലപ്പെട്ടെങ്കിലും, പ്രേക്ഷകരുടെ സ്നേഹത്തിലൂടെയും ട്രോളുകളിലൂടെയും മീമുകളിലൂടെയും വരുണ്‍ ഇത്രയും കാലം ജനമനസുകളില്‍ ജീവനോടെ ഇരുന്നതില്‍ സന്തോഷമുണ്ടെന്നും താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്നും റോഷന് കൂട്ടിച്ചേര്‍ത്തു. ‘രോമാഞ്ചം’ സിനിമയില്‍ അര്ജുന് അശോകന്റെ കഥാപാത്രം കൊണ്ടുവരുന്ന ബാഗിന് ദൃശ്യത്തില്‍ ജോര്‍ജുകുട്ടി വരുണിന്റെ മൃതദേഹം മാറ്റാന്‍ ഉപയോഗിച്ച ബാഗുമായി സാദൃശ്യമുണ്ടെന്നും, അതിനാല്‍ രോമാഞ്ചത്തില്‍ വരുന്നത് വരുണിന്റെ പ്രേതമാണെന്നുമുള്ള സോഷ്യല്‍ മീഡിയയിലെ രസകരമായ ട്രോളുകളും റോഷന് ഓര്‍മിച്ചു-
‘വരുണും ഞാനും രണ്ട് വ്യത്യസ്ത വ്യക്തികളാണ്, എങ്കിലും ഇത്രയും കാലം ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നത് വലിയൊരു അനുഗ്രഹമായി കരുതുന്നു. ഇത്തരമൊരു ഐക്കോണിക് സിനിമയുടെ ഭാഗമാക്കിയതിനു ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരോടും എന്നും കടപ്പെട്ടിരിക്കുന്നു. ദൃശ്യം 3 ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. റിലീസിനായി കാത്തിരിക്കുന്നു…’ റോഷന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


