മുംബൈ : സൂര്യകുമാര്‍ യാദവിന്‍റെ പിന്‍ഗാമിയായി ശ്രേയസ് അയ്യരോ സഞ്ജു സാംസണോ ഇന്ത്യയുടെ അടുത്ത ടി20 നായകനാകുമെന്ന ചര്‍ച്ചകള്‍ക്കിടെ പുതിയൊരു താരത്തിന്‍റെ പേര് നായക സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മുന്‍ താരം ആര്‍ അശ്വിന്‍. ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് അർധ സെഞ്ചുറി നേടി ആര്‍സിബിയെ ഫൈനലിലെത്തിച്ച രജത് പാട്ടിധാറിന്‍റെ പ്രകടനം സെലക്ഷൻ മുൻഗണനകളെ മാറ്റിമറിക്കാനിടയുണ്ടെന്ന് അശ്വിന്‍ പറഞ്ഞു. നിലവില്‍ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്ന ശ്രേയസ് അയ്യർക്കും സഞ്ജു സാംസണും രജത് പാട്ടീദറിന്‍റെ പ്രകടനം വലിയ വെല്ലുവിളിയാണെന്നും അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിലെ ‘ആഷ് കി ബാത്തി’ല്‍ അഭിപ്രായപ്പെട്ടു.
ലോകോത്തര പേസർമാർക്കെതിരെ പാട്ടിധാർ പുറത്തെടുത്ത മികന് തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് അശ്വിൻ പറഞ്ഞു. ധരംശാലയില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡക്കെതിരെ പാട്ടിധാർ നേടിയ ഒരു സിക്സറിനെ മത്സരത്തിലെയും ടൂർണമെന്‍റിലെയും തന്നെ മികച്ച ഷോട്ടുകളിലൊന്നായാണ് അശ്വിൻ വിശേഷിപ്പിച്ചത്. കാഗിസോ റബാഡക്കെതിരെ രജത് പട്ടിധാർ ബാക്ക് ഫൂട്ടില്‍ അടിച്ച ആ സിക്സർ ഈ മത്സരത്തിലെ ഏറ്റവും മികച്ച ഷോട്ടായിരുന്നു, ഒരുപക്ഷേ ഈ ടൂർണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ഷോട്ടും അത് തന്നെയായിരിക്കും. ആ പൊസിഷനില്‍ നിന്ന് ഇത്രയും പവർ ജനറേറ്റ് ചെയ്യാൻ അവന് എങ്ങനെ സാധിച്ചു എന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും അശ്വിൻ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പട്ടിധാറിന്‍റെ ഈ മാസ്മരിക പ്രകടനം ഇന്ത്യൻ ടീമിന്‍റെ ഭാവി നായക പരിഗണനകളിലും വലിയ മാറ്റം വരുത്തുമെന്നും അശ്വിന്‍ വ്യക്തമാക്കി. പാട്ടിദാറിന്‍റെ മാസ്മരിക ഇന്നിങ്സിന് മുൻപ് വരെ ശ്രേയസ് അയ്യർക്കായിരുന്നു ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻസി ചർച്ചകളില്‍ കൂടുതല്‍ മുൻതൂക്കം കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ ഒറ്റ മത്സരത്തോടെ പാട്ടിധാർ ആ വ്യത്യാസം ഇല്ലാതാക്കിയിരിക്കുകയാണ്. ഈ ഇന്നിങ്സിന് മുൻപ് ക്യാപ്റ്റൻസി, ബാറ്റിംഗ് ചർച്ചകളില്‍ ശ്രേയസ് അയ്യർ അല്‍പം മുന്നിലായിരുന്നു. എന്നാല്‍ ഈ രാത്രിക്ക് ശേഷം പാട്ടിധാർ കൃത്യമായി അയ്യർക്കൊപ്പമെത്തിക്കഴിഞ്ഞുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു.


