ഈരാറ്റുപേട്ട: വാഗമണ്ണിൽ വിനോദയാത്രയ്ക്ക് പോയ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സബീർ കുരുവിനാൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല. ഭിന്നശേഷിക്കാരിയായ ബാലികയെയും കുട്ടികളെയും ഉൾപ്പെടെയാണ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് തുടരുന്ന നിസ്സംഗത നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണ്. വിനോദ സഞ്ചാര മേഖലകളിലെ ക്രമസമാധാന പാലനം ഗുണ്ടകളെ എൽപ്പിച്ചിരിക്കുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്തപക്ഷം അവരെ സംരക്ഷിക്കുന്ന പോലിസുകാർക്കെതിരേ നിയമ പോരാട്ടങ്ങളും പ്രതിഷേധങ്ങളും ശക്തമാക്കാൻ നിർബന്ധിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Advertisements


