താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങൾക്ക് കർശന നിയന്ത്രണം : രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെ നിയന്ത്രണം

കല്‍പ്പറ്റ: കാലവർഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില്‍ (ദേശീയ പാത 766) വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി. കലാവർഷത്തിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ സി കെ കാസിം എം ല്‍ എ, കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

Advertisements

രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ ഉള്‍പ്പെടെയുള്ള ബദല്‍ റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറല്‍ പോലീസ് മേധാവിക്ക് ജില്ലാ കളക്ടർ നിർദേശം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തരവ് പ്രകാരം രണ്ട് ആക്‌സിലില്‍ കൂടുതലുള്ള ട്രക്കുകള്‍, ലോറികള്‍, ടാങ്കറുകള്‍, ട്രെയിലറുകള്‍, കണ്ടെയ്നർ വാഹനങ്ങള്‍, മറ്റ് വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് ഈ സമയങ്ങളില്‍ ചുരത്തിലൂടെ കടന്നുപോകാൻ അനുമതി ഉണ്ടായിരിക്കില്ല. യാത്രാ ദുരിതം ഒഴിവാക്കാൻ അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്‌ആർടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍, കാറുകള്‍, ജീപ്പുകള്‍, ടാക്സികള്‍ തുടങ്ങിയ ചെറിയ മോട്ടോർ വാഹനങ്ങള്‍, ആംബുലൻസുകള്‍, മറ്റ് അടിയന്തര മെഡിക്കല്‍ വാഹനങ്ങള്‍, ഫയർഫോഴ്സ്, സിവില്‍ ഡിഫൻസ്, ദുരന്തനിവാരണ സേനകളുടെ വാഹനങ്ങള്‍, സായുധ സേനകള്‍, കേന്ദ്ര പാരാമിലിട്ടറി, കേരള പോലീസ് എന്നിവരുടെ വാഹനങ്ങള്‍, ജില്ലാ കളക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളില്‍ വയനാട് പൊലീസുമായി സഹകരിച്ച്‌ 24 മണിക്കൂറും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. നിയമം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കും ഡ്രൈവർമാർക്കുമെതിരെ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരവും, 1988-ലെ മോട്ടോർ വാഹന നിയമപ്രകാരവും കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ചുരത്തിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാൻ വനംവകുപ്പിനും, റോഡിന്റെ അവസ്ഥ നിരീക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് എൻ എച്ച്‌ വിഭാഗത്തിനും കളക്ടർ നിർദ്ദേശം നല്‍കി. യോഗത്തില്‍ സബ് കളക്ടർ എസ് ഗൗതം രാജ്, പോലീസ്, ഫയർഫോഴ്സ്, മോട്ടോർ വാഹനവകുപ്പ്, കെ എസ് ഇ ബി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

Hot Topics

Related Articles