ചുട്ടുപൊള്ളുന്ന പനിയുമായി ഭർത്താവും കുട്ടികളും തനിച്ച് വീട്ടിൽ; തെങ്കാശിയിൽ നിന്നും അർദ്ധരാത്രി കെ.എസ്.ആർ.ടി.സി ബസിൽ തനിച്ചെത്തിയ ചിങ്ങവനം സ്വദേശിയായ യുവതിയെ ബൈക്കിൽ സുരക്ഷിതരായി വീട്ടിലെത്തിച്ച് ഡ്രൈവറും കണ്ടക്ടറും; കയ്യടിച്ച് നാട്…!! 

കോട്ടയം: ചുട്ടുപൊള്ളുന്ന പനിയെ തുടർന്ന് ഭർത്താവും കുട്ടികളും വീട്ടിൽ കഴിയുന്നതറിഞ്ഞ് തെങ്കാശിയിൽ നിന്നും യാത്ര തിരിച്ച ചിങ്ങവനം സ്വദേശിനിയായ യുവതി നാട്ടിലെത്തിയത് അർദ്ധരാത്രിയോടെ. വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകാൻ ആരുമെത്താതെ വന്നതോടെ യുവതിയെ ബൈക്കിൽ വീട്ടിലെത്തിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറും കണ്ടക്ടറും. കഴിഞ്ഞ ദിവസം രാത്രിയിൽ തെങ്കാശിയിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരാണ് നന്മ നിറഞ്ഞ പ്രവർത്തിയിലൂടെ കയ്യടി നേടിയത്. 

Advertisements

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വൈകിട്ട് 08.15 നാണ് തെങ്കാശിയിൽ നിന്നും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് കോട്ടയത്തേയ്ക്ക് പുറപ്പെട്ടത്. കോട്ടയം ഡിപ്പോയിലെ ഡ്രൈവർ പി.എസ് നിശാന്തും, കണ്ടക്ടർ പി.ആർ മഹേഷുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ചിങ്ങവനം സ്വദേശിനിയായ യുവതി തെങ്കാശിയിൽ നിന്നാണ് ബസിൽ കയറിയത്. രാത്രി 12.30 ഓടെയാണ് ബസ് ചിങ്ങവനത്ത് എത്തിയത്. ആളൊഴിഞ്ഞ ഇരുട്ട് നിറഞ്ഞ സ്‌റ്റോപ്പിലാണ് യുവതി ഇറങ്ങണമെന്ന് ആവശ്യപ്പെട്ടത്. യുവതിയെ അർദ്ധരാത്രിയിൽ തനിച്ച് പൊതു സ്ഥലത്ത് ഇറക്കിയെങ്കിലും, തനിച്ച് അവരെ ആ സ്ഥലത്ത് ഉപേക്ഷിച്ച് പോകാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർ തയ്യാറായില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയ്ക്ക് തുടർ യാത്രയ്ക്കായി മറ്റൊരു വാഹനം ലഭിക്കുന്നത് വരെ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരും യാത്രക്കാരും കാവൽ നിന്നു. എന്നാൽ, 20 മിനിറ്റോളം സ്‌റ്റോപ്പിൽ നിന്നിട്ടും മറ്റൊരു വാഹനം ലഭിച്ചില്ല. ഇതേ തുടർന്ന് യാത്രക്കാരുടെ നിർദേശം അനുസരിച്ച് ബസ് സ്റ്റാൻഡിലേയ്ക്ക് അയച്ചു. എന്നാൽ, കോട്ടയത്ത് നിന്ന് ചിങ്ങവനത്തെ വീട് വരെ ഓട്ടോയിൽ എത്താനുള്ള പണം തന്റെ പക്കലില്ലെന്ന് യുവതി അറിയിച്ചു. ഇതോടെ, സ്റ്റാൻഡിൽ എത്തിയ ശേഷം യാത്രക്കാർ എല്ലാവരും ചേർന്ന് പിരിവിട്ട് യുവതിയ്ക്ക് വീട്ടിലേയ്ക്ക് ഓട്ടോ പിടിച്ചു നൽകാമെന്ന ധാരണയിൽ ബസ് കോട്ടയത്തേയ്ക്ക് എത്തി. എന്നാൽ, യാത്രക്കാരെല്ലാം പോയതിനാൽ പണം പിരിച്ച് ഓട്ടോയിൽ കൊണ്ടു പോകാൻ സാധിച്ചില്ല. 

തുടർന്നാണ് ഡ്യൂട്ടി അവസാനിപ്പിച്ച ശേഷം  ഡ്രൈവർ പി.എസ് നിശാന്തും, കണ്ടക്ടർ പി.ആർ മഹേഷും ചേർന്ന് യുവതിയെ ഇരുചക്ര വാഹനത്തിൽ വീട്ടിലേയ്ക്ക് കൊണ്ടു പോയത്.  യുവതിയെയുമായി വീട്ടിലേയ്ക്കു പോകുന്നതിനിടെ പാക്കിൽ ഭാഗത്ത് വച്ച് ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ നൈറ്റ് പെട്രോളിംങ് പൊലീസ് സംഘം ഇവരെ കാണുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു. ഒരു സ്‌കൂട്ടറിൽ യുവതിയെ കയറ്റിയ ശേഷം സുരക്ഷ ഉറപ്പാക്കാൻ മറ്റൊരു സ്‌കൂട്ടറിൽ പിൻതുടരുകയായിരുന്നു. സുരക്ഷിതയായി വീട്ടിൽ എത്തിയ ശേഷം യുവതി രണ്ട് ജീവനക്കാർക്കും നന്ദി പറയുകയും ചെയ്തു. 

Hot Topics

Related Articles