കോട്ടയം : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. മഴക്കാല രോഗങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ മൺസൂൺ’ എന്ന പേരിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും, മറുഭാഗത്ത് ഗുരുതരമായ ഭക്ഷ്യസുരക്ഷാ വീഴ്ചകളാണ് നിത്യേനയെന്നോണം പുറത്തുവരുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ ഭക്ഷ്യവിഷബാധകൾ ഇതിന് അടിവരയിടുന്നു.അടുത്തിടെ കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ‘അൽ റീം’-ൽ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ രണ്ട് പേർക്ക് അതിഗുരുതരമായ ‘ഷിഗല്ല’ (Shigella) ബാക്ടീരിയ ബാധ സ്ഥിരീകരിച്ചത് ആരോനിയമിക്കണമെന്നുപോലും ഞെട്ടിച്ചിരിക്കുകയാണ്. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം വീഴ്ചകൾ മനുഷ്യജീവന് തന്നെ ഭീഷണിയാകുന്നു.
ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് നട്ടംതിരിയുകയാണ്. നിലവിൽ വെറും 170 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് വകുപ്പിലുള്ളത്. ഇതിൽ തന്നെ സജീവമായി ഫീൽഡ് പരിശോധനകൾക്ക് ഇറങ്ങുന്നത് 150 ഓളം പേർ മാത്രമാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ഭക്ഷ്യസംരംഭങ്ങളിൽ കൃത്യമായ പരിശോധന ഉറപ്പാക്കാൻ ഈ ചെറിയ ഉദ്യോഗസ്ഥ സംഘത്തിന് സാധിക്കുന്നില്ല. ഇത് പരിശോധനകളുടെ ശതമാനം വൻതോതിൽ കുറയ്ക്കുകയും, പൊതുജനങ്ങളുടെ ആരോഗ്യത്തെയും സർക്കാരിന്റെ നികുതിയേതര വരുമാനത്തെയും ഒരുപോലെ ബാധിക്കുകയും ചെയ്യുന്നു. സ്ഥിരമായി നടക്കേണ്ട പരിശോധനകളുടെ 10% പോലും പലപ്പോഴും നടക്കുന്നില്ല എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അടിയന്തരമായി ശാക്തീകരിക്കാൻ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) പലതവണ നിർദ്ദേശിച്ചിട്ടുള്ളതാണ്. ഓരോ 1000 ഭക്ഷ്യസംരംഭങ്ങൾക്കും ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ വീതം വേണമെന്ന് 2025 മേയിൽ എഫ്.എസ്.എസ്.എ.ഐ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് കേരളത്തിൽ പ്രാവർത്തികമാക്കണമെങ്കിൽ കുറഞ്ഞത് 280-ലധികം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി പുതുതായി നിയമിക്കേണ്ടതുണ്ട്. കൂടാതെ ജൂൺ 7-ലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച്, ഷിംലയിൽ നടന്ന എഫ്.എസ്.എസ്.എ.ഐയുടെ 50-ാമത് സെൻട്രൽ അഡ്വൈസറി കമ്മിറ്റി മീറ്റിംഗിൽ സി.ഇ.ഒ ശ്രീ രജത് പുൻഹാനി ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഉടനടി നികത്താനും അധികമായി ഉദ്യോഗസ്ഥരെ നിയമിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. “ബാധ്യതയിൽ നിന്ന് പരിഹാരത്തിലേക്ക് – എല്ലായിടത്തും സുരക്ഷിതമായ ഭക്ഷണം” എന്നതായിരുന്നു ഈ വർഷത്തെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രമേയം. എന്നാൽ ഈ മുദ്രാവാക്യങ്ങൾക്കപ്പുറം പ്രായോഗികമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.
ഭക്ഷ്യവിഷബാധ മൂലമുള്ള മരണങ്ങളും ദുരന്തങ്ങളും പലതവണ ഉണ്ടായിട്ടും കൃത്യമായ നിയമനങ്ങളോ വിട്ടുവീഴ്ചയില്ലാത്ത പരിശോധനകളോ നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ അതിശക്തമായ ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡുകൾക്ക് സമാനമായ കർശനമായ നടപടികൾ ഭക്ഷ്യസുരക്ഷാ രംഗത്തും ഉണ്ടാകണം. എങ്കിൽ മാത്രമേ ജനങ്ങളുടെ ജീവന് ഭീഷണിയായ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളു. ഇതിനായി അടിയന്തിരമായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു൦ ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശ്യപ്പെട്ടു
—


