ആലപ്പുഴ: എസ്.എസ്.എഫ് കേരള സാഹിത്യോത്സവത്തിന് കായംകുളത്ത് തുടക്കമായി. 26നാണ് സമാപനം. 200 മത്സരഇനങ്ങളിലായി 18സംഘടന ജില്ലകളിൽനിന്ന് 2500ൽ അധികം പ്രതിഭകൾ മാറ്റുരക്കും. കായംകുളം എൽമെക്സ് ഗ്രൗണ്ട് പ്രധാനവേദിയായി 17 ഇടത്താണ് മത്സരം. സാംസ്കാരിക ചർച്ചകൾ, സംവാദങ്ങൾ, എജ്യൂസൈൻ കരിയർ എക്പോ, പുസ്തകലോകം എന്നിവയുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ‘മനുഷ്യർ ചുരുങ്ങുന്ന ലോകഭൂപടം, വെള്ളിയഴ്ച വൈകീട്ട് അഞ്ചിന് വാക്കുകളുടെ ജനാധിപത്യം എന്നീ സെഷനുകളും നടക്കും. ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പരൺജോയ് ഗുഹ തകൂർത്ത നിർവഹിക്കും.
പ്രമുഖ കന്നഡ കവി കമലാകർ ഭട്ട് മുഖ്യാതിഥിയാകും. സമസ്ത കേന്ദ്ര മുശാവറാ അംഗം കെ.പി. മുഹമ്മദ് മുസ്ലിയാർ കൊമ്പം, കെ.പി. രാമനുണ്ണി, ടി.ടി. ശ്രീകുമാർ, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മുനീറുൽ അഹ്ദൽ, ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ എന്നിവർ സംസാരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച സമാപനസംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല, മന്ത്രി എം. ലിജു, എസ്.എസ്.എഫ് ഇന്ത്യ പ്രസിഡന്റ് സി.പി. ഉബൈദുള്ള സഖാഫി എന്നിവർ പങ്കെടുക്കും. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന സാഹിത്യോത്സവ്-2026 അവാർഡ് ജേതാവിനെ വ്യാഴാഴ്ച കോഴിക്കോട് പ്രഖ്യാപിക്കും.
എജ്യൂസൈൻ കരിയർ എക്പോ ശ്രീ നാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് ഉദ്ഘാടനം ചെയ്യും. 20ലധികം പ്രസാധകർ ഒന്നിക്കുന്ന ‘പുസ്തകലോകത്തിന്റെ ഉദ്ഘാടനം കായംകുളം മുൻസിപ്പാലിറ്റി ചെയർമാൻ ശരത് ലാൽ നിർവഹിക്കും. സാഹിത്യം, മനുഷ്യൻ, സൂഫിസം, രാഷ്ട്രീയം, പ്രകൃതി, മാധ്യമം, ജനാധിപത്യം, സെക്കുലറിസം എന്നീ ചർകളിൽ പ്രമുഖർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എസ്.എസ്.എഫ് സെക്രട്ടറിമാരായ കെ.പി. മുഹമ്മദ് അനസ്, പി.വി. ഷുഹൈബ്, സ്വാഗതസംഘം ചെയർമാൻ ഹാമിദ് കോയ ബാഫഖി, കൺവീനർ എം.എസ്. ജുനൈദ്, ട്രഷറർ എച്ച്. അബ്ദുൽ നാസർ തങ്ങൾ എന്നിവർ പങ്കെടുക്കും.


