ആലപ്പുഴ: പക്ഷിപ്പനി മൂലം കടക്കെണിയിലായ താറാവു കർഷകർക്ക് നഷ്ടപരിഹാരം എത്രയുംവേഗം സർക്കാർ നൽകിയില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് ഐക്യതാറാവ് കർഷകസംഘം. 2014ൽ ആദ്യമായി പക്ഷിപ്പനി ഉണ്ടായപ്പോൾ നിശ്ചയിച്ച പ്രകാരമുള്ള തുകയാണ് ഇപ്പോഴും നൽകുന്നത്. രണ്ടുമാസം പ്രായമായ താറാവുകൾക്ക് 200 രൂപയും അതിന് താഴെയുള്ളതിന് 100രൂപയുമാണ് നഷ്ടപരിഹാരമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം 77896 താറാവുകൾ നഷ്ടമായ കർഷകർക്ക് എട്ടുമാസം കഴിഞ്ഞിട്ടും തുക നൽകിയിട്ടില്ല. ബാങ്ക് വായ്പ കിട്ടാത്ത സാഹചര്യത്തിൽ പണം പലിശക്ക് കടംവാങ്ങിയാണ് താറാവുകൃഷി നടത്തുന്നത്. മാർക്കറ്റിൽ താറാവ് ഒന്നിന് 750രൂപയാണ് വില. അത് കണക്കാക്കിയാൽ നഷ്ടപരിഹാരമായി കിട്ടുന്ന തുക തുച്ഛമാണ്. പക്ഷിപ്പനി മൂലം രണ്ട് മാസത്തിന് മുകളിൽ 24296ഉം അതിന് താഴെ 18153 ഉം താറാവുകളാണ് ചത്തുപോയത്. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് അഡ്വ. ബി. രാജശേഖരൻ, സെക്രട്ടറി കെ. ശാമുവേൽ, ജോസഫ് ചെറിയാൻ, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
പക്ഷിപ്പനി മൂലം കടക്കെണിയിലായ താറാവ് കർഷകർക്ക് സഹായം നൽകണം ; സമരം സംഘടിപ്പിക്കണമെന്ന് ഐക്യതാറാവ് കർഷക സംഘം


