മൊബൈൽ വെളിച്ചത്തിൽ ജീവൻ തിരികെ പിടിച്ചു;‘ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി’-നടുറോഡിൽ ജീവൻ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കൊച്ചി:കൊച്ചി ഉദയംപേരൂരിൽ നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച യുവാവിന് നടുറോഡിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ തിരികെ പിടിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.“ഒരു ജീവൻ രക്ഷിക്കുക, ഒരാളെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരിക – അത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്,” എന്ന് അദ്ദേഹം പറഞ്ഞു.എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ കെ. തോമസ്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ-തൊറാസിക് സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി. മനൂപ് എന്നിവരാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ജീവൻ രക്ഷിച്ചത്.ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുന്ന വഴിയിലാണ് ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്. അതിൽ ഒരാളുടെ നില അതീവ ഗുരുതരമായിരുന്നു. ഈ സമയത്ത് ഡോ. മനൂപും സ്ഥലത്തുണ്ടായിരുന്നു.

Advertisements

കൊല്ലം സ്വദേശിയായ ലിനു എന്ന യുവാവിന് ശ്വാസമെടുക്കാൻ കഴിയാത്ത വിധം ഗുരുതര പരിക്കേറ്റിരുന്നു. സമയം കളയാതെ ഡോക്ടർമാർ പൊലീസിന്റെ സഹായത്തോടെ ലഭിച്ച ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് അടിയന്തരമായി കഴുത്തിൽ മുറിവുണ്ടാക്കി സ്ട്രോ കടത്തിവിട്ട് ശ്വാസഗതി പുനസ്ഥാപിക്കുകയായിരുന്നു. മൊബൈൽ ഫോണുകളുടെ വെളിച്ചത്തിലാണ് നടുറോഡിൽ വെച്ച് ഈ അതിസാഹസിക ചികിത്സ നടത്തിയത്.നാലു മിനിറ്റിനുള്ളിൽ രോഗി ജീവിക്കും എന്നുറപ്പിച്ച ഡോക്ടർമാർ പിന്നീട് ലിനുവിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാരും പൊലീസും രക്ഷാദൗത്യത്തിൽ പൂർണ പിന്തുണ നൽകി. സ്ട്രോയും ബ്ലേഡും എത്തിച്ചു നൽകിയത് പൊലീസുകാരാണെന്നും, സ്ഥലത്ത് ആവശ്യമായ വെളിച്ചമില്ലാത്തതിനാൽ നാട്ടുകാരുടെ മൊബൈൽ ഫോണുകളുടെ വെളിച്ചമാണ് ആശ്രയിച്ചതെന്നും ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.ഈ വാർത്ത രാവിലെ വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും, ഡോക്ടർമാരെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചെന്നും വി.ഡി. സതീശൻ പറഞ്ഞു. “അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നവരാണ്. പ്രിയപ്പെട്ടവരെ, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles