ന്യൂഡൽഹി:ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടത്.കഴിഞ്ഞ ഡിസംബർ 19-ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഐജിഐ) ടെർമിനൽ ഒന്നിലെ സുരക്ഷാ പരിശോധനാ കവാടത്തിന് സമീപമാണ് സംഭവം നടന്നത്. പരാതിക്കാരനായ അങ്കിത് ദേവൻ ഭാര്യയോടും രണ്ട് ചെറിയ കുട്ടികളോടും കൂടി വിമാനത്താവളത്തിലെത്തിയിരുന്നു.സ്റ്റാഫിനായി മാറ്റിവെച്ച ലെയിനിലൂടെ പോകാൻ ശ്രമിച്ച എയർലൈൻ ജീവനക്കാരെ ദേവൻ ചോദ്യം ചെയ്തതോടെയാണ് തർക്കം രൂക്ഷമായതെന്നാണ് പരാതി.
ക്യൂ തെറ്റിക്കാൻ ശ്രമിച്ച ജീവനക്കാരിൽ ഒരാളായ പൈലറ്റ് വീരേന്ദർ സെജ്‌വാൾ തന്നെ വിദ്യാഭ്യാസമില്ലാത്തവൻ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും പിന്നീട് മർദിക്കുകയും ചെയ്‌തുവെന്നാണ് അങ്കിത് ദേവൻ നൽകിയ പരാതിയിൽ പറയുന്നത്. മർദനത്തിൽ ദേവന്റെ മൂക്ക് ഇടിച്ചു തകരുകയും ഗുരുതര പരിക്ക് സംഭവിക്കുകയും ചെയ്തു.അതേസമയം, അങ്കിത് ദേവൻ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തുകയും മോശമായി പെരുമാറുകയും ചെയ്‌തുവെന്നാണ് പൈലറ്റ് സെജ്‌വാളിന്റെ ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയത്തിൽ വൻ പ്രതിഷേധം ഉയർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ സസ്പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഡിസംബർ 22-നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയോടും (ബിസിഎഎസ്) സിഐഎസ്എഫിനോടും വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.


