ആലപ്പുഴ:ആലപ്പുഴ ജില്ലയിൽ മുണ്ടിനീർ രോഗവ്യാപനം വീണ്ടും സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിൽ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ എൽ.പി. വിഭാഗത്തിലെ വിദ്യാർത്ഥികളിലൂടെയാണ് രോഗബാധ കണ്ടെത്തിയത്.രോഗത്തിന്റെ വ്യാപനം തടയുന്നതിനായി സ്കൂളിലെ എൽ.പി. സെക്ഷന് നവംബർ 26 മുതലുള്ള 21 ദിവസത്തെ അവധി ജില്ലാ കളക്ടർ ഉത്തരവിട്ട് നൽകുകയും ചെയ്തു. അവധി ദിവസങ്ങളിൽ പഠനം തടസപ്പെടാതിരിക്കാൻ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശിച്ചു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുണ്ടിനീർ പടർന്നുപിടിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ ആരോഗ്യവിഭാഗവും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ശക്തമായി നടപ്പാക്കണമെന്ന നിർദേശം ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ചില മാസങ്ങളിലായി ജില്ലയിൽ നിരവധി സ്കൂളുകളിൽ മുണ്ടിനീർ സ്ഥിരീകരിക്കപ്പെട്ടതിനാൽ ദീർഘകാല അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം ആവർത്തിച്ച് ഉണ്ടാകുന്നുണ്ട്.


