മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ചു കയറ്റിയ സംഭവം;അകത്തുമുറിയിൽ വന്ദേഭാരതിന് അപകടം സംഭവിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ഡ്രൈവർ മദ്യലഹരിയിൽ ഓട്ടോറിക്ഷ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റിയതിനെ തുടർന്ന് ട്രാക്കിലേക്ക് മറിഞ്ഞ ഓട്ടോയുമായി വന്ദേഭാരത് ട്രെയിൻ കൂട്ടിയിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം വർക്കലയ്ക്ക് സമീപമുള്ള അകത്തുമുറി റെയിൽവേ സ്റ്റേഷനിലാണ് ചൊവ്വാഴ്ച രാത്രി അപൂർവവും ഗുരുതരവുമായ അപകടം ഉണ്ടായത്.കാസർകോട് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിൻ ചൊവ്വാഴ്ച രാത്രി പത്തരയോടെ അകത്തുമുറി സ്റ്റേഷൻ കടന്നുപോകുന്നതിനിടെയാണ് ട്രാക്കിൽ മറിഞ്ഞ് കിടന്നിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചത്. സാധാരണ റെയിൽവേ ക്രോസുകൾ മുറിച്ച് കടക്കുന്നതിനിടെ വാഹനങ്ങൾ ട്രെയിനുമായി കൂട്ടിയിടിക്കുന്ന അപകടങ്ങൾ പതിവാണെങ്കിലും, സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വാഹനം കയറി ട്രാക്കിലേക്ക് മറിഞ്ഞ് ട്രെയിനിനെ അപകടത്തിലാക്കുന്നത് അപൂർവ സംഭവമാണ്.

Advertisements

സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന് പിന്നിലായി ഒരു ഇടവഴിയുണ്ടെന്നും, പ്ലാറ്റ്ഫോമിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ അവിടെ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഒരു താൽക്കാലിക വഴി തുറന്നിരുന്നതായും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. ഈ ഇടവഴിയിലൂടെ എത്തിയ ഓട്ടോറിക്ഷ വഴിമാറി താൽക്കാലിക വഴിയിലൂടെ പ്ലാറ്റ്ഫോമിലേക്ക് കയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്ലാറ്റ്ഫോമിലെ കോൺക്രീറ്റ് തിട്ടയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് മറിഞ്ഞുവീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.ഓട്ടോ ട്രാക്കിലേക്ക് വീണപ്പോൾ ഡ്രൈവർ പ്ലാറ്റ്ഫോമിലേക്ക് തെറിച്ചുവീണു. പിന്നാലെ എത്തിയ വന്ദേഭാരത് ട്രെയിൻ ട്രാക്കിൽ മറിഞ്ഞുകിടന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയും, ഓട്ടോ മുൻഭാഗത്ത് കുടുങ്ങിയ നിലയിൽ ട്രെയിൻ കുറച്ച് ദൂരം മുന്നോട്ട് പോയി നിൽക്കുകയും ചെയ്തു. അപകടത്തിൽ ആളപായമുണ്ടായില്ല.അപകട ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ, പ്ലാറ്റ്ഫോമിൽ വീണുകിടന്നിരുന്ന ഓട്ടോ ഡ്രൈവർ കല്ലമ്പലം സ്വദേശി സുധിയെ കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവരം ലഭിച്ചതോടെ പൊലീസ് എത്തി ഇയാളെ എഴുന്നേൽപ്പിച്ചു. ഇയാൾ മദ്യലഹരിയിലാണെന്ന സംശയം ഉയർന്നതിനെ തുടർന്ന് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായി.ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഡ്രൈവർക്കെതിരെ കേസെടുത്തു. യാത്രക്കാരുടെയും ട്രെയിനിന്റെയും സുരക്ഷ അപകടത്തിലാക്കൽ, മദ്യപിച്ച് റെയിൽവേ സ്ഥലത്ത് അതിക്രമിച്ച് കയറി കുഴപ്പമുണ്ടാക്കൽ, അനധികൃത പ്രവേശനം എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ. ഇതിന് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അപകടത്തെ റെയിൽവേ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തെ തുടർന്ന് ഒന്നര മണിക്കൂറിലേറെ വന്ദേഭാരത് ട്രെയിൻ അകത്തുമുറി സ്റ്റേഷനിൽ പിടിച്ചിടേണ്ടിവന്നു. ട്രെയിനിന്റെ മുൻഭാഗത്ത് കേടുപാടുകൾ ഉണ്ടായതിനെ തുടർന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.പ്ലാറ്റ്ഫോമിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയുന്ന രീതിയിൽ താൽക്കാലിക റോഡ് തുറന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നാണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Hot Topics

Related Articles