ഭോപാൽ :അമ്മയുടെ കണ്ണിന് മുന്നിൽ അഞ്ചു വയസ്സുകാരന്റെ തല അറുത്ത് കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ മർദിച്ച് കൊന്നു. മധ്യപ്രദേശിലെ അലിരാജ്പുർ ജില്ലയിലാണ് സംഭവം.25 വയസ്സുകാരനായ മഹേഷ് ആണ് വികാസ് എന്ന കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ബൈക്കിൽ എത്തിയ പ്രതി, യാതൊരു പരിചയവുമില്ലാത്ത വീട്ടിനുള്ളിലേക്ക് കയറി. കുട്ടിയുടെ കഴുത്ത് മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് അറുത്തുമാറ്റുകയായിരുന്നു. തുടർന്ന് ശരീരം അടിച്ച് വികൃതമാക്കുകയും ചെയ്തു.ആക്രമണം തടയാൻ ശ്രമിച്ച മാതാവിനും പരുക്കേറ്റു. മാതാവിൻ്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി. പൊലീസ് എത്തും മുമ്പേ ജനക്കൂട്ടം മർദിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മഹേഷ് ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ചു.
“കുറ്റകൃത്യം അങ്ങേയറ്റം ഹൃദയഭേദകമാണ്. പ്രതി മാനസികമായി അസ്ഥിരനാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി,” എന്ന് ധാർ പൊലീസ് സൂപ്രണ്ട് മായങ്ക് അവസ്തി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അലിരാജ്പുർ ജില്ലയിലെ ജോബത് ബാഗ്ഡി സ്വദേശിയാണ് മഹേഷ്. കഴിഞ്ഞ മൂന്നുനാലുദിവസങ്ങളായി അദ്ദേഹം മാനസികമായി അസ്വസ്ഥനായിരുന്നു എന്നും വീട്ടിൽ നിന്ന് കാണാതായിരുന്നുവെന്നും കുടുംബം പൊലീസിനോട് മൊഴി നൽകി. സംഭവം അരങ്ങേറുന്നതിന് ഒരു മണിക്കൂർ മുൻപ് സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ മഹേഷ് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.


